ഹൈദരാബാദ്- ബലാത്സംഗം ചെറുത്തതിന് തൊഴിലുടമ പെട്രോളൊഴിച്ച് തീയിട്ട 13കാരി ആദിവാസി ബാലിക ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. ഒരു മാസത്തോളമായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. തെലങ്കാനയിലെ ഖമ്മം ടൗണില്‍ വീട്ടുജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടുകാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സെപ്തംബര്‍ 18നാണ് സംഭവം. പീഡന ചെറുത്ത ബാലികയെ പ്രതി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അക്രമത്തില്‍ പെണ്‍കുട്ടിക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വ്യാഴാഴ്ച രാത്രിയാണ് മരണം സ്ഥിരീകരിച്ചതെന്ന് ഖമ്മം പോലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതിക്കെതിരെ ചുമതത്തിയ പീഡനശ്രമക്കേസ് ഇനി കൊലപാതക കേസാക്കുമെന്നും പോലീസ് പറഞ്ഞു.
സംഭവത്തില്‍ തെലങ്കാന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലീസില്‍ നിന്ന് റിപോര്‍ട്ട് തേടിയിട്ടുണ്ട്. പൊള്ളലേറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ആദ്യം പോലീസിനെയോ പെണ്‍കുട്ടിയുടെ കുടുംബത്തെയോ അറിയിച്ചിരുന്നില്ലെന്നും റിപോര്‍ട്ടുണ്ട്.