പലതരം ഒസ്യത്തുകൾ അന്ത്യനേരത്ത് പറഞ്ഞവരെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്.തങ്ങളുടെ ജീവിത ശേഷം തന്റെ സ്വത്തും സമ്പാദ്യങ്ങളുംഎന്ത് ചെയ്യണം എന്നതുമായി ബന്ധപ്പെട്ടതാണ് അവയിലധികവും. എന്നാൽ അലക്‌സാണ്ടർ ചക്രവർത്തി മരണ നേരത്ത് പറഞ്ഞ ഒരു ഒസ്യത്ത് ആരെയും ഏറെ നേരം ചിന്തിപ്പിക്കുന്നതാണ്. ജീവിത കാലത്ത് ലോകം മുഴുവൻകീഴടക്കാൻ വെമ്പൽ കൊണ്ട് ഒരു പരിധി വരെ അതിൽ വിജയിച്ച ചക്രവർത്തി അദ്ദേഹത്തിന്റെ ജനറൽമാരോട് പറഞ്ഞത് 'മറവ് ചെയ്യുമ്പോൾ നിങ്ങൾഎന്റെ രണ്ട് കൈകളും ശവപ്പെട്ടിയുടെ പുറത്തേക്ക് തൂക്കിയിട്ട് കൊണ്ട് വേണം മറവ് ചെയ്യാൻ' എന്നായിരുന്നത്രേ. അങ്ങെന്താണ് കേട്ടുകേൾവി പോലുമില്ലാത്തവിചിത്രമായ ഇത്തരം ഒരു ആഗ്രഹം പ്രകടിപ്പിക്കുന്നത് എന്ന് ജനറൽമാർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അത് വിചിത്രമായ ആഗ്രഹം അല്ല, എന്റെ ജീവിതവുമായി ബന്ധപ്പെട്ട് വളരെ പ്രസക്തമായ ഒരു കാര്യമാണത് എന്നായിരുന്നു. ഒഴിഞ്ഞ കൈകളുമായാണ് ഞാൻ മടക്കയാത്ര നടത്തുന്നതെന്ന് എല്ലാവർക്കും എല്ലാ കാലത്തും ഓർമിക്കാവുന്ന തരത്തിൽ ആയിത്തീരണം. ശൂന്യമായ കൈകളുമായി വന്ന അലക്‌സാണ്ടർ തിരിച്ചു പോകുന്നത് ശൂന്യമായ കൈകളുമായാണെന്ന് ലോകം അറിയേണ്ടതുണ്ട്. എന്റെ നെട്ടോട്ടങ്ങൾ എല്ലാം മരണത്തോടെ പാഴായിപ്പോയെന്ന കാര്യം കൂടി അവർ അറിയട്ടെ.' ജീവിത കാലമത്രയും കൂടുതൽ കൂടുതൽ വാരിക്കൂട്ടാൻ മനുഷ്യരിൽ ഭൂരിപക്ഷവും കാണിക്കുന്ന വ്യഗ്രത എന്തോരമാണ്?.
എന്നാൽ വാരിക്കൂട്ടുന്നവ അത്രയൊന്നും പ്രാധാന്യം ഇല്ലാത്തതാണെന്ന് പലതിന്റെയുംപിറകെ കിതച്ചോടി ഒടുവിൽ അവശരാകുന്ന ആളുകൾ ആലോചിക്കുന്നില്ല. ജീവിതത്തിൽ വിലപ്പെട്ട പലതും ത്യജിച്ച്, പിന്നീടാവാമെന്ന് മാറ്റിവെച്ച് ആർത്തിയോടെ സമ്പത്തിന്റെയും അധികാരത്തിന്റെയും പിന്നാലെ പരക്കം പാഞ്ഞവർ പലരും കോവിഡ്കാല അനുഭവങ്ങളിൽ നിന്ന് പഠിച്ച പല പാഠങ്ങളിൽ മികച്ചത് തന്റെ മുൻഗണനകൾ ശരിയായിരുന്നില്ല എന്നതായിരിക്കണം. പലരുമായുള്ള സംഭാഷണങ്ങളിൽനിന്നും ഈ കാലത്ത് പതിവായി കേൾക്കുന്ന ഒരേറ്റുപറച്ചിൽ കൂടിയായി ഇത് മാറിയിരിക്കുന്നു.
വിശ്വവിശ്രുതനും വിനയാന്വിതനുമായ ശാസ്ത്രജ്ഞൻ സർ ഐസക് ന്യൂട്ടൺ ഒടുവിൽ പറഞ്ഞ വാക്കുകൾ ഏറെ ചിന്തോദ്ദീപകങ്ങളാണ്. ''ലോകം എന്നെ എങ്ങനെ നോക്കിക്കാണുന്നുവെന്നെനിക്കറിയില്ല. കടൽ തീരത്ത് കക്ക പെറുക്കി കളിക്കുന്ന ഒരു കുട്ടിയായാണ് ഞാനെന്നെ കണക്കാക്കുന്നത് . സത്യത്തിന്റെ മഹാസാഗരം ഇനിയും കണ്ടെടുക്കപ്പെടാതെ പ്രവിശാലമായി മുന്നിൽ കിടക്കുമ്പോഴും ചില മിനുസമുള്ള ഉരുളൻ കല്ലുകൾ കാണുമ്പോൾ, അതല്ലെങ്കിൽ കൂടുതൽ ഭംഗിയുള്ള ചില ചിപ്പികൾ കാണുമ്പോൾ പലപ്പോഴും ശ്രദ്ധ മാറിപ്പോകുന്ന ഒരു കുട്ടി. 'അറിവിന്റെ ലോകത്ത് നാമോരുത്തരും എത്രമാത്രം ചെറുതാണെന്ന് നമ്മെ നിരന്തരം ബോധ്യപ്പെടുത്തുന്ന ലളിതമെന്നാലും അതിഗഹനമായ വാക്കുകൾ.
യു.ജി.സിയുടെ കാലമാണിപ്പോൾ. യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷനല്ല, ഡിജിറ്റൽ കാലത്തെ പുതിയ യു.ജി.സിയാണ് ഉദ്ദേശിച്ചത്. അതെന്താണെന്നാൽ യൂസർ ജെനറേറ്റഡ് കോണ്ടന്റ്. അതായത് ഉപയോക്താവ് ഉൽപാദിപ്പിക്കുന്ന ഉള്ളടക്കങ്ങൾ. യൂ ട്യൂബ് ചാനലിലൂടെയും ബ്ലോഗിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നാമോരോരുത്തരും പടച്ചു വിടുന്ന എല്ലാം തന്നെ യു.ജി.സിയുടെ വിവക്ഷയിൽ പെടും. ബ്രാൻഡഡ് കമ്പനികളല്ലാതെ ഉപയോക്താവ് നിർമിക്കുന്ന ടെക്സ്റ്റായാലും വീഡിയോ റിവ്യൂകളായാലും ചിത്രങ്ങളായാലുമെല്ലാം ഇതിന്റെ പരിധിയിൽ പെടുന്നു. വിശ്വാസ്യതയും സ്വീകാര്യതയും വർധിക്കുമെന്നതിനാൽ പല കമ്പനികളും ഇവ ഉപയോഗപ്പെടുത്താറുണ്ട്. എന്നാൽ സമൂഹത്തിൽ ഏറെ ജീർണതകൾക്കും ഇവ കാരണമാവുന്നുണ്ട്.
യു ട്യൂബ് ചാകരയുടെ കാലത്ത് വാളെടുത്തവനെല്ലാം വെളിച്ചപ്പാടാവുന്ന തിന്റെ പൊല്ലാപ്പുകൾ അടിക്കടി നാം കണ്ടുകൊണ്ടിരിക്കുന്നു. മുഖത്തടിയായും കരിയോയിൽ പ്രയോഗമായും ചിലതൊക്കെ സൂപ്പർ വൈറലാവുന്നതും ആക്കുന്നതും നാം കണ്ടു.
ഇതൊക്കെ കാണുമ്പോഴാണ് ഒടുവിൽ നാം ഇവിടെ ഇട്ടേച്ചു പോവുന്നതെന്തെന്ന ചിന്ത നമ്മെ കൂടുതൽ തിരിച്ചറിവുള്ളവരാക്കിയെങ്കിൽ എന്നാശിച്ചു പോവുന്നത്. അന്യർക്ക് വേണ്ടി ലോകരെ അറിയിക്കാതെ ചെയ്യുന്ന സുകൃതങ്ങൾ, ദാനധർമങ്ങൾ; വാക്കാലും പ്രവൃത്തിയാലും ചിന്തയാലും അനുദിനം അകപ്പെട്ടുപോവുന്ന അബദ്ധങ്ങളിലുള്ള പശ്ചാത്താപ വിവശത; കൃതജ്ഞതാ ബോധത്തോടെയുള്ള ദൈനംദിന ജീവിത നിഷ്‌കർഷകൾ എന്നിവ അനിവാര്യമായ പിരിഞ്ഞകലിലിന് മുമ്പ് ഈ സോഷ്യൽ മീഡിയ കാലത്ത് പാലിക്കുകയെന്നത് അനുനിമിഷം സജീവ ജാഗ്രത പുലർത്തേണ്ട വെല്ലുവിളി തന്നെയാണ്.
ഒടുവിൽ പറയുന്ന വാക്കുകൾ ഏതൊക്കെയാവണമെന്ന ഒരാളുടെ മോഹത്തിൽ , എന്തിന്റെ പേരിൽ താൻ ഓർമിക്കപ്പെടണമെന്ന ആഗ്രഹത്തിൽ ഉൾച്ചേർന്നത് കൂടിയാണ് ഒരാളുടെ ജീവിതാനന്ദവും തത്വശാസ്ത്രവും. കടന്നു പോവുന്ന നിമിഷങ്ങളോരോന്നും പ്രാർത്ഥനാ നിർഭരമാവുന്നതും സൂക്ഷ്മമാവുന്നതും ഒടുക്കത്തെ കുറിച്ചുള്ള നിശ്ചയത്തോടെ മടക്കത്തിനായി സദാ ഒരുങ്ങുമ്പോൾ തന്നെയാണ് .