ന്യൂദല്‍ഹി- ചാര്‍ജര്‍ നല്‍കാത്ത ഐഫോണ്‍ 12 മോഡലുകളെ ട്രോളി എതിരാളികളായ സാംസങ്. ഗാലക്‌സിയില്‍ ഇതുകൂടി ഉള്‍പ്പെടുന്നുവെന്ന അടിക്കുറിപ്പോടെ ഗാലക്‌സി അഡാപ്റ്ററിന്റെ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്താണ് സാംസങിന്റെ ട്രോള്‍.
കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഐഫോണിന്റെ കൂടെ ചാര്‍ജറോ എയര്‍പോഡോ ഇല്ലാത്തതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉപയോക്താക്കള്‍ പരഹസിക്കുന്നതിനിടെയാണ് സാംസങ്ങിന്റെ വകയും പരിഹാസം.
അതിവേഗതയുള്ള 5 ജി വയര്‍ലെസ് നെറ്റ് വര്‍ക്ക് സവിശേഷതയോടെ ഐഫോണ്‍ 12 മോഡലുകള്‍ കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ പുറത്തിറക്കിയത്.
മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ചാര്‍ജറും ഹെഡ് ഫോണും ഒഴിവാക്കിയതെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഇതിനകം 200 കോടി പവര്‍ അഡാപ്റ്ററുകള്‍ ആപ്പിള്‍ ഫോണുകളോടൊപ്പം ഉപയോക്താക്കളുടെ കൈകളിലെത്തിയെന്നും ഉപയോക്താക്കളുടെ പക്കല്‍ സാധാരണ ഹെഡ് ഫോണുകളും എയര്‍പോഡുകളുമുണ്ടെന്നും ആപ്പിള്‍ പറയുന്നു.
ചാര്‍ജറും ഹെഡ്‌ഫോണും ഒഴിവാക്കിയതിനാല്‍ ഐഫോണ്‍ ബോക്‌സിന്റെ ഭാരം കുറഞ്ഞുവെന്നും ഇപ്പോള്‍ 70 ശതമാനം കൂടുതല്‍ കയറ്റി അയക്കാന്‍ സാധിക്കുന്നുവെന്നും ആപ്പിള്‍ വക്താവ് ലിസ ജാക്‌സണ്‍ പറഞ്ഞു.
പുതിയ ഐഫോണ്‍ വാങ്ങുന്നവര്‍ എയര്‍പോഡുകളും യു.എസ്.ബി പവര്‍ അഡാപ്റ്ററുകളും പ്രത്യേകം വാങ്ങേണ്ടുതുണ്ട്.