കൊച്ചി-താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദപരാമര്‍ശത്തില്‍ അമ്മയുടെ നിലപാടെന്തെന്ന് മോഹന്‍ലാലിനോടും അമ്മ നേതൃത്വത്തോടും നടിമാരായ രേവതിയും പദ്മപ്രിയയും. സിദ്ദീഖിനെതിരായ ലൈംഗികാതിക്രമ ആരോപണത്തില്‍ എന്ത് നടപടിയെടുത്തു എന്നും ഇരുവരും അമ്മയ്ക്കയച്ച തുറന്ന കത്തില്‍ ചോദിച്ചു.
അമ്മ നേതൃത്വത്തിന് അയച്ച തുറന്ന കത്തിലാണ് രേവതിയും പദ്മപ്രിയയും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇടവേള ബാബുവിന്റെ ചാനല്‍ ചര്‍ച്ചയിലുള്ള പരാമര്‍ശത്തിലും അതിനെത്തുടര്‍ന്ന് കെബി ഗണേഷ്‌കുമാറിന്റെ പരാമര്‍ശത്തിലും വ്യക്തിപരമായും അമ്മ സംഘടനയുടെ അംഗം എന്ന നിലയിലും എന്താണ് നിലപാട്? ചില അംഗങ്ങള്‍ അമ്മ എന്ന സംഘടനയെയും സിനിമ വ്യവസായത്തെയും വിലയിടിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്ന വിധത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ എന്ത് നടപടിയാണ് കൈക്കൊണ്ടത്? അമ്മ എക്‌സിക്യുട്ടീവ് അംഗമായ സിദ്ദീഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തില്‍, സ്ത്രീകള്‍ക്കെതിരായ തൊഴിലിടത്തിലെ അധിക്രമങ്ങള്‍ തടയുന്നതിനുള്ള 'പോഷ്' നിയമത്തിലെ നടപടിക്രമങ്ങള്‍ ഭാരവാഹികള്‍ പാലിച്ചിട്ടുണ്ടോ? എന്നിങ്ങനെ മൂന്ന്‌ചോദ്യങ്ങളാണ് ഇരുവരും തുറന്ന കത്തില്‍ ചോദിച്ചിട്ടുള്ളത്.അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മോഹന്‍ലാല്‍, കെബി ഗണേഷ് കുമാര്‍, ജഗദീഷ്, അജു വര്‍ഗ്ഗീസ്, ആസിഫ് അലി, ബാബുരാജ് ജേക്കബ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കാണ് രേവതിയുടെയും പദ്മപ്രിയയുടെയും കത്ത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സുഹൃത്തുക്കളെ,
ഞങ്ങളുടെ തന്നെ സംഘടനയില്‍ നിന്നുണ്ടായ ചിലരുടെ മനോഭാവത്തെ ഞങ്ങള്‍ അഭിമുഖീകരിക്കുകയാണ്. അത് പൊതുവിടത്തില്‍ സംസാരിക്കേണ്ട കാര്യമാണ്. സഹപ്രവര്‍ത്തകരോടും സ്ത്രീകളോടുമുള്ള ഞങ്ങളുടെ സഹപ്രവര്‍ത്തകരുടെ മനോഭാവത്തെ കുറിച്ച് തുറന്ന് പറയുന്നത് തന്നെയാണ് മാറ്റങ്ങള്‍ക്ക് കാരണമാകുകയെന്നാണ് വിശ്വാസം
അമ്മയില്‍ നിന്നുള്ള അംഗമെന്ന നിലയില്‍ ഇന്നലെ ഞങ്ങളുടെ സഹപ്രവര്‍ത്തകയായ പാര്‍വതി നല്‍കിയ രാജി, 2018 ല്‍ തുടങ്ങിയ ഒരു യാത്രയിലേക്കും അന്ന് അതിജീവിച്ചവളുടെ രാജിയിലേക്കും ഞങ്ങളെ തിരികെ കൊണ്ടുപോയി.നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അതീവ വിഷമത്തോടെ അമ്മയില്‍ നിന്ന് രാജിവച്ചതിന് സമാനമായ 2018 ലെ സാഹചര്യത്തിലേക്കാണ് പാര്‍വതിയുടെ രാജിയും എത്തി നില്‍ക്കുന്നത്.സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളേക്കുറിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാന്‍ ഒരു ഇടം ഒരുക്കിയതായിരുന്നു ആ രാജി. എന്നാല്‍ അമ്മയുടെ നേതൃത്വത്തിന്റെ നിലപാട് ഒരു ചര്‍ച്ചകളിലും കാണാന്‍ സാധിച്ചില്ല.ചലച്ചിത്രമേഖലയിലെ അഭിനേതാക്കള്‍ എന്ന നിലയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ക്രിയാത്മക അവബോധം സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ ഒരു യാത്ര ഞങ്ങള്‍ ആരംഭിച്ചു. മുമ്പൊരിക്കലും നടന്നിട്ടില്ലാത്ത, പൊതുവേദിയില്‍ ചര്‍ച്ചകള്‍ക്കുള്ള ഇടം സൃഷ്ടിക്കുന്നതുകൊണ്ട് തന്നെ ഞങ്ങളുടെ ആ ശ്രമങ്ങള്‍ ഫലപ്രദമായിരുന്നു.
എന്നാല്‍ മുന്‍കാലങ്ങളിലെന്നപോലെ തന്നെ അമ്മയുടെ ജനറല്‍ സെക്രട്ടറി സമീപകാലത്ത് നല്‍കിയ ഒരു അഭിമുഖം വീണ്ടും അപകടകരമായ ഒരു മാതൃക നല്‍കിയിരിക്കുകയാണ്.
അമ്മ നേതൃത്വത്തിലെ ചില അംഗങ്ങള്‍ക്ക് അവരുടെ സ്ഥാനം ഉപയോഗിച്ച് ചിലരെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിയും എന്നതിന്റെ ഒരു ഉദാഹരണമായിരുന്നു അത്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനല്‍ കേസിനെ താഴ്ത്തിക്കെട്ടാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിക്കുന്നതാണ് ആ മാതൃക.50 ശതമാനത്തോളം വനിതാ അംഗങ്ങളുള്ള ചലച്ചിത്രമേഖലയിലെ ഏക സംഘടനയെന്ന നിലയില്‍ അവരെ സംരക്ഷിക്കാനും പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഒരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല പകരം അവരേയും അവരുടെ പ്രശ്‌നങ്ങളെയും പൊതുവായി അന്യവല്‍ക്കരിക്കാനും പരിഹസിക്കാനും എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തു.ഒരു സംഘടനയെന്ന നിലയില്‍ അമ്മ സംഘടന കൂട്ടായി അഭിമുഖീകരിക്കുന്ന ഒരു വിഷയമായിട്ടുകൂടി മുഴുവന്‍ നേതൃത്വവും മിണ്ടാതിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഞങ്ങളുടെ സഹപ്രവര്‍ത്തകരും മാധ്യമങ്ങളും നിങ്ങള്‍ എന്താണ് മിണ്ടാതിരിക്കുന്നതെന്ന് ഞങ്ങള്‍ രണ്ടുപേരോടും ചോദിക്കുന്നു,
ഇത് പത്മപ്രിയയയോ അല്ലെങ്കില്‍ രേവതിയോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ പ്രതികരിക്കുകയോ രാജിവെക്കുകയോ ചെയ്യേണ്ട കാര്യമാണോ? ഒരുപക്ഷേ അതെയെന്നായിരിക്കാം. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ ഞങ്ങളെ ചോദ്യം ചെയേണ്ടതിന് പകരം അമ്മ നേതൃത്വം ആദ്യം അവരുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.ഞങ്ങളെ ചോദ്യം ചെയ്യുന്നതിനുപകരം, അവര്‍ സ്വയം ചോദ്യം ചെയ്യുകയും അവരുടെ കാഴ്ചപ്പാടുകള്‍ ഞങ്ങളുമായി പങ്കിടുകയും ചെയ്യേണ്ട സമയമാണിത്.ഞങ്ങള്‍ രണ്ടുപേരും അമ്മ നേതൃത്വത്തിലുള്ള ഓരോ അംഗത്തിനും (ഈ കുറിപ്പിന്റെ അവസാനം പട്ടികപ്പെടുത്തിയിരിക്കുന്നു) ഇനിപ്പറയുന്ന ചോദ്യങ്ങളടങ്ങുന്ന ഒരു കത്തയച്ചിട്ടുണ്ട്.
1. കഴിഞ്ഞ ദിവസം ശ്രീ ഇടവേള ബാബു മാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ചും അതേദിവസം വൈസ് പ്രസിഡന്റ് ഗണേഷ് കുമാര്‍ നടത്തിയ പ്രസ്താവനയെ കുറിച്ചും വ്യക്തിയെന്ന നിലയിലും അമ്മ നേതൃത്വത്തിന്റെ ഭാഗമായവരെന്ന നിലയിലും എന്താണ് നിങ്ങളുടെ നിലപാട്?
2. നേതൃത്വത്തിലെ ചില അംഗങ്ങള്‍ അമ്മയെയും ചലച്ചിത്രമേഖലയെയും മൊത്തത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പെരുമാറുമ്പോള്‍ അതില്‍ എന്ത് നടപടിയാണ് ഉണ്ടാകുക?
3. എ.എം.എ.എയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ശ്രീ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളോട് ജനറല്‍ സെക്രട്ടറി നടത്തിയ പ്രതികരണത്തിന്റെ വെളിച്ചത്തില്‍, പീഡനങ്ങള്‍ തടയാനും ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന പോഷ് ആക്റ്റ് നേതൃത്വം നിലവില്‍വരുത്തിയിട്ടുണ്ടോ?
രേവതി & പത്മപ്രിയ
എ.എം.എം.എ നേതൃത്വം 20182021: മോഹന്‍ലാല്‍, മുകേഷ്, ജഗദീഷ്, അജു വര്‍ഗീസ്,ആസിഫ് അലി, ബാബുരാജ് ജേക്കബ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, രചന നാരായണന്‍ കുട്ടി, ശ്വേത മേനോന്‍, സുധീര്‍ കരമന, ടിനി ടോം, ഉണ്ണി ശിവപാല്‍.അമ്മയില്‍നിന്നും രാജി വെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ ഒളിയമ്പുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. കഴിഞ്ഞ ദിവസം എത്തിയിരുന്നു. കൊറോണ കാലമായതിനാല്‍ ചിലര്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ. അതു കൊണ്ട് ഇടയ്ക്കിടയക്ക് നിങ്ങളുടെ ഒക്കെ മുന്നില്‍ ചിലര്‍ വന്നുനോക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ഭാവനയെ മരിച്ചവരുമായി താരതമ്യപ്പെടുത്തിയ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വതി അമ്മയില്‍ നിന്ന് രാജി വെച്ചത്. പാര്‍വതിക്കൊപ്പം അമ്മയ്ക്കുള്ളില്‍ നിന്ന് പോരാടുന്നവരായിരുന്നു രേവതിയും പദ്മപ്രിയയും.