ബാലഭാസ്‌കറിന്റെ മരണം: സിബിഐ അന്വേഷണം സ്വര്‍ണക്കടത്തിലേക്ക്

തിരുവനന്തപുരം-വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം സ്വര്‍ണക്കടത്ത് കേസിലേക്ക്. ഇതിന്റെ ഭാഗമായി 2019ലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഡിആര്‍ഐ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കേസില്‍ വിശദമായ അന്വേഷണം നടത്താനാണ് സിബിഐയുടെ നീക്കം.ബാലഭാസ്‌കറിന്റെ മാനേജര്‍ പ്രകാശന്‍ തമ്പി, സുഹൃത്ത് വിഷ്ണു സോമസുന്ദരം എന്നിവരാണ് 2019ല്‍ സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളം വഴി ഇരുവരും ഒട്ടേറെ തവണ സ്വര്‍ണം കടത്തിയിരുന്നതായും കണ്ടെത്തിയിരുന്നു. ഇരുവരും പിടിയിലായതിന് പിന്നാലെയാണ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവും ഉയര്‍ന്നത്. വിഷ്ണു സോമസുന്ദരത്തെയും പ്രകാശന്‍ തമ്പിയെയും സിബിഐ അടുത്തിടെ നുണപരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.
മാത്രമല്ല, അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കണ്ടതായി കലാഭവന്‍ സോബി ജോര്‍ജും മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് 2019ലെ സ്വര്‍ണക്കടത്ത് കേസിലേക്കും സിബിഐ അന്വേഷണം വ്യാപിപ്പിക്കുന്നത്. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് പങ്കുണ്ടോ എന്നതും സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്.
ബാലഭാസ്‌ക്കറിന്റെയും കുഞ്ഞിന്റെയും മരണത്തില്‍ സംഭവ സ്ഥലത്തു എത്തി സിബിഐ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവം ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ച കലാഭവന്‍ സോബിയുമായാണ് സിബിഐ സംഘം തെളിവെടുപ്പ് നടത്തിയത്. പെട്രോള്‍ പമ്പിന് സമീപം കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുമ്പോള്‍ ബാലഭാസ്‌കറിന്റെ നീല ഇന്നോവ കാര്‍ ഒരു സംഘം അടിച്ചുതകര്‍ത്തെന്നായിരുന്നു സോബിയുടെ മൊഴി. അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെ നീല ഇന്നോവ കാര്‍ പരിശോധിക്കാനായി സിബിഐ സംഘം സോബിയുമായി മംഗലപുരം പോലീസ് സ്‌റ്റേഷനിലും എത്തിയിരുന്നു.
തിരുനെല്‍വേലിക്കുള്ള യാത്രയ്ക്കിടെ കാര്‍ നിര്‍ത്തി വിശ്രമിക്കുമ്പോള്‍ ഒരു സ്‌കോര്‍പിയോ കാറിലെത്തിയ ഗുണ്ടാസംഘം പിന്നാലെയെത്തിയ നീല ഇന്നോവ കാറിന്റെ പിറകിലെ ചില്ല് അടിച്ച് തകര്‍ത്തെന്നാണ് സോബിയുടെ വെളിപ്പെടുത്തല്‍. പിന്നാലെ ഇതിനൊപ്പം വന്ന മറ്റൊരു ഇന്നോവ കാറില്‍നിന്നും ഏതാനുംപേര്‍ പുറത്തിറങ്ങി. നീല ഇന്നോവയുടെ ചില്ല് അടിച്ച് തകര്‍ത്ത ശേഷം മൂന്ന് കാറുകളും തിരുവനന്തപുരം ഭാഗത്തേക്ക് പോയി.പിന്നീട് സോബി തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് നീല ഇന്നോവ അപകടത്തില്‍പ്പെട്ടതായി കണ്ടത്. എന്നാല്‍ അവിടെ വാഹനം നിര്‍ത്തിയ സോബിയ്ക്ക് നേരേ ചിലര്‍ ആക്രോശിച്ച് പാഞ്ഞടുത്തു. കാറുമായി വേഗം സ്ഥലം വിടാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ റോഡിന് അരികിലൂടെ രണ്ടു പേര്‍ ബൈക്ക് തള്ളി പോകുന്നത് കണ്ടുവെന്നും സോബി പറഞ്ഞിരുന്നു. ഇവിടെവെച്ചാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയ സരിത്തിനെ കണ്ടതെന്നും സോബി വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു.
അപകടസ്ഥലത്ത് കണ്ട കാര്യങ്ങള്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അന്ന് െ്രെകം ബ്രാഞ്ച് അത് മുഖവിലയ്‌ക്കെടുത്തില്ലെന്നും സോബി പറഞ്ഞു. അപകട സമയത്ത് വാഹനം നിര്‍ത്തിയപ്പോള്‍ ചിലര്‍ തനിക്ക് നേരെ ആക്രോശിച്ചുവന്നിരുന്നു. എന്നാല്‍ ഒരു വ്യക്തി മാത്രം സൈലന്റായി മാറി നിന്നു. ആ നിലയിലാണ് ആ വ്യക്തിയെ ഓര്‍മ്മിച്ചത്.
ഡി.ആര്‍.ഐ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തപ്പോള്‍ അത് ഇക്കാര്യം പറഞ്ഞിരുന്നു. അന്ന് അവര്‍ കുറേ ഫോട്ടോകള്‍ കാണിച്ചു. എന്നാല്‍ അതില്‍ താന്‍ കണ്ടയാളുടെ മുഖം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.അപകടം നടന്ന സ്ഥലത്ത് തന്നെയാണ് സരിത്തിനെ കണ്ടത്. അപകടം നടന്നയുടന്‍ രണ്ട് പേരെ സംശയകരമായ രീതിയില്‍ കണ്ടെന്നായിരുന്നു സോബി അന്ന് പറഞ്ഞത്.ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനു കാരണമായ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു ബാലഭാസ്‌കറും മകളും മരിച്ച കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടത്.
 

Latest News