രണ്ടു പതിറ്റാണ്ട് പിന്നിട്ട ഗ്രൂപ്പ് സേവനം യാഹൂ അവസാനിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങൾ വ്യാപകമാകുന്നതിനു മുമ്പ് ഓൺലൈൻ കൂട്ടായ്മകൾക്ക് എല്ലാവരും ആശ്രയിച്ചിരുന്നത് യാഹൂ ഗ്രൂപ്പിനെ ആയിരുന്നു. 2001 ജനുവരിയിൽ ആരംഭിച്ച യാഹൂ ഗ്രൂപ്പ് ഈ വർഷം ഡിസംബർ 15 ന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് കമ്പനിയുടെ അറിയിച്ചു.
മറ്റു വാണിജ്യ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കമ്പനിയുടെ ദീർഘകാല പദ്ധതികളുമായി യാഹൂ ഗ്രൂപ്പ് പൊാരുത്തപ്പെടുന്നില്ലെന്നാണ് വെറൈസണിന്റെ ഉടമസ്ഥതയിലുള്ള കമ്പനി വ്യക്തമാക്കുന്നത്. കുറച്ച് വർഷങ്ങളായി യാഹൂ ഗ്രൂപ്പിന്റെ ഉപയോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഡിസംബർ 15 മുതൽ ഉപയോക്താക്കൾക്ക് പുതിയ ഗ്രൂപ്പുകൾ സൃഷ്ടിക്കാൻ കഴിയില്ല. യാഹൂ ഗ്രൂപ്പിൽനിന്ന് ഇ മെയിൽ അയക്കാനോ സ്വീകരിക്കാനോ സാധിക്കില്ല. യാഹൂ ഗ്രൂപ്പ്‌സ് വെബ്‌സൈറ്റ് തന്നെ നീക്കം ചെയ്യപ്പെടും. എന്നാൽ യാഹൂ ഗ്രൂപ്പ് വഴി അയച്ച ഇ മെയിലുകൾ നീക്കം ചെയ്യപ്പെടില്ലെന്നും അവ ഉപയോക്താക്കളുടെ ഇ മെയിലിൽ തന്നെ ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി.
ഗ്രൂപ്പ് ഉപയോക്താക്കളോട് ഫെയ്‌സ്ബുക്ക് ഗ്രൂപ്പ്്, ഗൂഗിൾ ഗ്രൂപ്പ്് തുടങ്ങിയ സേവനങ്ങളിലേക്ക് മാറാനാണ് കമ്പനി നിർദേശിക്കുന്നത്. യാഹൂ ഗ്രൂപ്പുകളെ ഈ ഗ്രൂപ്പുകളിലേക്ക് എക്‌സ്‌പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഗ്രൂപ്പ് അഡ്മിൻമാർക്ക് ഗ്രൂപ്പ് അംഗങ്ങളുടെയെല്ലാം ഇ മെയിൽ ഐഡികൾ ഡൗൺലോഡ് ചെയ്‌തെടുക്കാനാവും.