ന്യൂദല്‍ഹി- വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കൃഷിമന്ത്രി എത്തിയില്ല. കേന്ദ്ര കൃഷി മന്ത്രിയുടെ മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ അഭാവത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ചയ്‌ക്കെത്തിയ കര്‍ഷകര്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. അതേസമയം, ഇന്നലെ ദല്‍ഹിയില്‍ തന്നെ ഉണ്ടായിരുന്ന കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കാബിനറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കറിനൊപ്പം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന് ചൊവ്വാഴ്ചയാണ് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ തീരുമാനം എടുത്തത്. 29 കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് ഏഴ് നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്. പുറത്തിറങ്ങിയ കര്‍ഷക പ്രതിനിധികള്‍ പുതിയ കാര്‍ഷിക നിയമത്തിന്റെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു. കേന്ദ്ര കൃഷി സെക്രട്ടറിയാണ് ചര്‍ച്ചക്കെത്തിയത്. എന്നാല്‍, മന്ത്രി തന്നെ വരണം എന്നാവശ്യപ്പെട്ട കര്‍ഷകര്‍ പ്രതിഷേധ സൂചകമായ ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു. ബല്‍ബീര്‍ സിംഗ് രാജേവാള്‍, ദര്‍ശന്‍ പാല്‍, ജഗ്ജീത് സിംഗ് ദാലേവാല്‍, ജഗ്മോഹന്‍ സിംഗ്, കുല്‍വന്ത് സിംഗ്, സുര്‍ജിത് സിംഗ്, സത്‌നാം സിംഗ് എന്നിവരാണ് ചര്‍ച്ച ബഹിഷ്‌കരിച്ച് പ്രതിഷേധിച്ച കര്‍ഷക നേതാക്കള്‍. പഞ്ചാബിലെ തന്നെ മറ്റൊരു കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ മഞ്ച് കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചിരുന്നു.
മന്ത്രി എത്താതിരുന്നതിനെ തുടര്‍ന്ന് കൃഷി മന്ത്രാലയത്തിനുള്ളില്‍ മുദ്രാവാക്യം വിളിച്ചും കര്‍ഷകര്‍ പ്രതിഷേധിച്ചു. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം തുടരുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ചണ്ഡീഗഡില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രതിപക്ഷ പിന്തുണയുള്ള കര്‍ഷക സംഘടനകള്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കാമെന്ന് തീരുമാനിച്ചത്. എന്നാല്‍, നിയമം പൂര്‍ണമായും പിന്‍വലിക്കണം എന്ന നിലപാടില്‍ തന്നെ ഇവര്‍ ഉറച്ചു നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ സമീപനത്തില്‍ തങ്ങള്‍ ഒട്ടും തൃപ്തരല്ല. ചര്‍ച്ചയില്‍ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മന്ത്രിയെ ധരിപ്പിക്കാമെന്നാണ് സെക്രട്ടറി പറഞ്ഞത്. അതില്‍ അര്‍ഥമില്ലെന്ന് കണ്ടാണ് ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോന്നതെന്നും കര്‍ഷക സംഘടന പ്രതിനിധികള്‍ പറഞ്ഞു.