ന്യൂദൽഹി- വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാനാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നത് നീട്ടിവെച്ചത് എന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം പച്ചക്കള്ളമാണെന്ന് തെളിയുന്നു. ഗുജറാത്തിലെ ഏഴ് ജില്ലകളെ പ്രതികൂലമായി ബാധിച്ച വെള്ളപ്പൊക്കത്തിന്റെ കെടുതികൾ തീർക്കുന്നതിനുള്ള പ്രവർത്തനങ്ങളെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ എ.കെ ജ്യോതി വാദിച്ചിരുന്നത്. എന്നാൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളെല്ലാം നേരത്തെ തന്നെ പൂർത്തിയായെന്നും കമ്മീഷൻ കളവ് പറയുകയായിരുന്നുവെന്നുമാണ് കണ്ടെത്തൽ. എൻ.ഡി.ടി.വി നടത്തിയ അന്വേഷണമാണ് കമ്മീഷന്റെ കള്ളക്കളി പുറത്തുകൊണ്ടുവന്നത്.
ഗുജറാത്തിലെ ഏഴ് ജില്ലകളിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചത് എന്നായിരുന്നു കമ്മീഷൻ ആവർത്തിച്ചത്. എന്നാൽ ഇത്തരം ഒരു ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ വെച്ചിട്ടില്ലെന്ന് ഗുജറാത്ത് റിലീഫ് കമ്മീഷണർ എ.ജെ ഷാ പറഞ്ഞു.
റിലീഫ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എന്റെ ഓഫീസ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഒരാവശ്യവും ഉന്നയിച്ചിട്ടില്ലെന്നും കത്തയച്ചിട്ടില്ലെന്നും ഷാ അറിയിച്ചു.
വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശം വിതച്ച ബനാസ്‌കന്ദ ജില്ലയിലെ ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ റോമില ബെൻ പട്ടേൽ പറയുന്നത് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന്റെ അവസാനഘട്ടം മാത്രമാണ് ബാക്കിയുള്ളത് എന്നാണ്. സിവിൽ ജോലികളൊക്കെ കുറെ ദിവസം മുമ്പ് തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ഭൂമിയും കൃഷിയുമെല്ലാം നശിച്ചതിന്റെ കണക്കെടുപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. 99 ശതമാനം റിലീഫ് പ്രവർത്തനങ്ങളും പൂർത്തിയായതായി പത്താൻ ജില്ലയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
മോർബി ജില്ലയിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ഇൻചാർജ് എസ്.എ ഡോഡിയ പറയുന്നത് റിലീഫ് പ്രവർത്തനങ്ങളെല്ലാം ഏകദേശം പൂർണ്ണമായിട്ടുണ്ടെന്നാണ്. ജൂൺ ഒന്നു മുതൽ തന്നെ റിലീഫ് പ്രവർത്തനങ്ങൾ തൂടങ്ങിയിട്ടുണ്ടെന്നും ഇപ്പോൾ മഴയില്ലാത്തത് കാരണം കാര്യമായ പ്രശ്‌നങ്ങളില്ലെന്നും ഡോഡിയ പറഞ്ഞു. രാജ്‌ക്കോട്ട് ജില്ലയിലും പ്രവർത്തനങ്ങൾ പൂർത്തിയായെന്ന് ജില്ലാ കലക്ടർ ഡോ. വിക്രാന്ത് പാണ്ഡേ വ്യക്തമാക്കി. വെള്ളപ്പൊക്കം നാശം വിതച്ച സുരേന്ദ്രനഗർ, മെഹ്‌സാന, ആരാവല്ല, സബർകന്ദ എന്നീ ജില്ലകളിലും റിലീഫ് പ്രവർത്തനങ്ങൾ പൂർത്തിയായെന്നാണ് ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായില്ല.
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ബി.ജെ.പിക്ക് സൗകര്യമൊരുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണം. ഇതിനെ ശരിവെക്കുന്ന നിലയിലാണ് ഗുജറാത്തിൽ പ്രധാനമന്ത്രി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചത്. ഇതിന് പുറമെ സംസ്ഥാന സർക്കാറും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ഇത് എക്‌സ്ട്രാ ടൈമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കള്ളക്കളി കളിക്കുകയാണെന്നുമാണ് കോൺഗ്രസിന്റെ വാദം. ഡിസംബര്‍ 9, 14 തിയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ്. പതിനെട്ടിന് ഫലമറിയാം..