Sorry, you need to enable JavaScript to visit this website.

അച്ഛന്‍ മരിച്ചത് ഓക്‌സിജന്‍ ലഭിക്കാതെ; ആശുപത്രിക്കാര്‍ കൊന്നുവെന്ന് മകന്‍

മരിച്ച വീരേന്ദ്ര സിംഗും മകന്‍ സൂരജും.
പിതാവ് സുഖം പ്രാപിച്ചുവരികയായിരുന്നുവെന്നും അപെക്‌സ് ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പിതാവിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും മകന്‍ സൂരജ് സിംഗ്  കുറ്റപ്പെടുത്തി.

മുംബൈ- കോവിഡ് ഭേദമായി വരികയായിരുന്ന പിതാവിന്റെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ആശുപത്രിക്കാണെന്ന ആരോപണവുമായി മകന്‍ രംഗത്ത്. വൈദ്യുതി നിലച്ചതിനു പിന്നാലെ ജനറേറ്ററിനു തീപിടിച്ചതിനെ തുടര്‍ന്ന് മുംബൈ അപെക്‌സ് ആശുപത്രിയില്‍നിന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റിയ ഹരിയാന സ്വദേശിയും 54 കാരനുമായ വീരേന്ദ്ര സിംഗാണ് മരിച്ചത്.

വൈദ്യുതി നിലച്ചതിനാലും ജനറേറ്റര്‍ കത്തിയതിനാലും നിരവധി രോഗികളെ അപെക്‌സ് ഹോസ്പിറ്റലില്‍നിന്ന് ഫോര്‍ട്ടിസിലേക്ക് മാറ്റിയിരുന്നു. ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വീരേന്ദ്ര സിംഗ്  മരിച്ചത്. പിതാവ് സുഖം പ്രാപിച്ചുവരികയായിരുന്നുവെന്നും അപെക്‌സ് ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് പിതാവിന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതെന്നും മകന്‍ സൂരജ് സിംഗ്  കുറ്റപ്പെടുത്തി.
മകനെ കാണാനെത്തിയ വീരേന്ദ്ര സിംഗിന് മുംബൈയില്‍വെച്ച് കോവിഡ് ബാധിക്കുകയായിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് അപെക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ആശുപത്രിയുടെ ജനറേറ്ററിന് തീപിടിച്ചതിനെത്തുടര്‍ന്ന് സിംഗിനെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മണിക്കൂറുകളോളം ചികിത്സിക്കാന്‍ കഴിഞ്ഞിരുന്നില്ല.

തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് പിതാവിനെ കാണന്‍ അപെക്‌സ് ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ അദ്ദേഹം സുഖമായിരിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വൈകുന്നേരം 5.30 ഓടെ ജനറേറ്ററിലെ തീപിടുത്തം കാരണം എല്ലാ രോഗികളെയും  മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്ന വിവരം തനിക്ക് ലഭിച്ചത് രാത്രി എട്ടു മണിക്കാണ്.  അപെക്‌സ് ഹോസ്പിറ്റലില്‍ എത്തിയപ്പോള്‍ എല്ലാ രോഗികളുടെയും പട്ടിക രാത്രി 11 ന് മാത്രമേ തയ്യാറാകൂ എന്നാണ് അധികൃതര്‍ പറഞ്ഞത്. അവസാനം പട്ടിക വന്നപ്പോള്‍ അതില്‍  പിതാവിന്റെ പേരില്ലായിരുന്നു. ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ലിസ്റ്റ് പരിശോധിച്ചപ്പോള്‍ അവിടേയും അച്ഛന്‍ ഉണ്ടായിരുന്നില്ലെന്ന് സൂരജ് പറയുന്നു.
പിതാവ് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലുണ്ടെന്നും വെന്റിലേറ്ററിലാണെന്നും
പുലര്‍ച്ചെ 4.30 ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലില്‍ നിന്ന് ഫോണ്‍ വഴി വിവരം ലഭിച്ചു. അടുത്ത 30 മിനിറ്റിനുള്ളില്‍ പിതാവിന്റെ അവയവങ്ങള്‍ പ്രവര്‍ത്തിക്കാതായെന്നും മരിച്ചുവെന്നും സൂരജ് പറഞ്ഞു. അപെക്‌സ് ഹോസ്പിറ്റല്‍ നല്‍കിയ പട്ടികയില്‍ പിതാവിന്റെ പേര് യശ്വവര്‍ദ്ധന്‍ സിംഗെന്ന് തെറ്റായാണ് ചേര്‍ത്തിരുന്നത്.
പള്‍സ് റേറ്റ് കുറഞ്ഞിരുന്നുവെന്നാണ് മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. തീപ്പിടിത്തത്തെ തുടര്‍ന്ന് പിതാവിനെ മാറ്റുന്നതിനിടെ ഓക്‌സിജന്‍ ഉറപ്പുവരുത്താത്തതിനാലണ് പിതാവ് മരിച്ചതെന്നും അപെക്‌സ് ഹോസ്പിറ്റലിനാണ് മരണത്തിന്റെ ഉത്തരവാദിത്തെമെന്നും അവരാണ് അച്ഛനെ കൊന്നതെന്നും സൂരജ് പറഞ്ഞു.

 

Latest News