വിവാഹത്തില്‍ നിന്ന് പിന്മാറിയ നഴ്‌സിനെ കാമുകന്‍ തീവച്ചു കൊന്നു; പൊള്ളലേറ്റ കാമുകനും മരിച്ചു

വിജയവാഡ-വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ നഴ്‌സിനെ മുന്‍ കാമുകന്‍ തീവച്ചു കൊന്നു. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ കാമുകനും മരിച്ചു. ആന്ധ്രാപ്രദേശിലെ കുഷ്ണ ജില്ലയിലാണ് സംഭവം. വിജയവാഡ കോവിഡ് സെന്ററിലെ നഴ്‌സായ 24കാരിയാണ് കൊല്ലപ്പെട്ടത്.നാലു വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ മാസം ആദ്യം ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് യുവതി പറഞ്ഞതോടെയാണ് സംഭവത്തിന്റെ തുടക്കം. ഇതേ ചൊല്ലി യുവാവ് ഇവരുടെ താമസസ്ഥലത്തെത്തി ബഹളം വച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി പോലീസിന് പരാതി നല്‍കുകയും പോലീസ് യുവാവിനെ വിളിച്ച് താക്കീത് നല്‍കുകയും ചെയ്തു.ഇനി പ്രശ്‌നമുണ്ടാക്കില്ലെന്ന യുവാവിന്റെ ഉറപ്പിനെ തുടര്‍ന്ന് യുവതി പരാതി പിന്‍വലിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഡ്യുട്ടി കഴിഞ്ഞ് പോയ യുവതിയെ പിന്തുടര്‍ന്ന യുവാവ് താമസസ്ഥലത്തെത്തി വഴക്കിട്ടു. ഇതിനിടെ കൈവശം കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ കയറിപ്പടിച്ച യുവതിയാകട്ടെ പിടിവിടാതെ മുറുക്കിപ്പിടിച്ചു. ഇരുവരുടെയും കരച്ചില്‍ കേട്ട് എത്തിയ അയല്‍ക്കാര്‍ ഇവരെ വേര്‍പെടുത്തി മാറ്റി. യുവതി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. 80 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ഇന്നു പുലര്‍ച്ചെയാണ് മരണമടഞ്ഞത്‌
 

Latest News