Sorry, you need to enable JavaScript to visit this website.

കോവിഡ് മൂലം മുടങ്ങിയ ജംബോ വിമാനം റസ്റ്റൊറന്റാക്കി സിങ്കപൂര്‍ എയര്‍ലൈന്‍സ്; 30 മിനിറ്റില്‍ സീറ്റുകള്‍ ഫുള്‍

സിങ്കപൂര്‍ സിറ്റി- കോവിഡ് വ്യാപനം മൂലം രാജ്യാന്തര സര്‍വീസുകളെല്ലാം മുടങ്ങിയതോടെ പല രാജ്യങ്ങളിലും വിമാന കമ്പനികള്‍ വന്‍ നഷ്ടമാണ് സഹിച്ചു വരുന്നത്. പലരും നൂറുകണക്കിനു ജീവനക്കാരെ പിരിച്ചുവിട്ടും വിമാനങ്ങള്‍ വിറ്റഴിച്ചും സര്‍വീസ് വെട്ടിക്കുറച്ചും നിലനില്‍പ്പിനായി പൊരുതുകയാണ്. ഇക്കൂട്ടത്തില്‍ അതിജീവനത്തിന്റെ വേറിട്ട വഴി പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് സിങ്കപൂര്‍ എയര്‍ലൈന്‍സ്. ആയിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിടുകയും ഏതാണ്ട് എല്ലാ വിമാനങ്ങളും മുടങ്ങിക്കിടക്കുകയും ചെയ്യുന്ന സിങ്കപൂര്‍ എയര്‍ലൈന്‍സ് തങ്ങളുടെ എ380 ജംബോ വിമാനങ്ങളിലൊന്ന് റസ്റ്റൊറന്റാക്കി മാറ്റിയാണ് പുതിയ വരുമാന മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമാണ് എ380 ജംബോ ജെറ്റ്. ഈ വിമാനത്തിനകത്തിരുന്ന് ഭക്ഷണം കഴിച്ച് വ്യത്യസ്ത അനുഭവിക്കാം എന്ന വാഗ്ദാനവുമായാണ് കമ്പനി ഈ പദ്ധതി അവതരിപ്പിച്ചത്. ഏതാണ്ട് ഫ്‌ളൈറ്റ് ടിക്കറ്റിന് സമാനമായ നിരക്കിലാണ് ഈ ജംബോ വിമാനത്തിലെ ഭക്ഷണം വിളമ്പുന്നത്. ജനങ്ങളില്‍ നിന്ന് ഇതിനു ലഭിച്ച പ്രതികരണം കണ്ട് അമ്പരിന്നിരിക്കുകയാണ് കമ്പനിയിപ്പോള്‍. ജംബോ റസ്റ്റൊറന്റിലെ സീറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ ബുക്കിങ് ആരംഭിച്ച് ആദ്യ 30 മിനിറ്റകം തന്നെ രണ്ടു ദിവസത്തേക്കുള്ള എല്ലാ സീറ്റുകളും വിറ്റു പോയി. ലഞ്ചിനായി ബുക്കിങ്ങിനിട്ട 900 സീറ്റുകളാണ് അരമണിക്കൂറില്‍ വിറ്റു പോയത്.

വന്‍ ഡിമാന്‍ഡ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ സിങ്കപൂര്‍ എയര്‍ലൈന്‍സ് ഈ ജംബോ റസ്റ്റൊറന്റ് അധികമായി രണ്ടു ദിവസത്തേക്കു കൂടി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

വിമാനത്തിലെ ഏറ്റവും വിലയേറിയ ഭക്ഷണം ഫസ്റ്റ് ക്ലാസ് സ്യൂട്ടിലെ ഫോര്‍-കോഴ്‌സ് സദ്യയാണ്. 642 സിങ്കപൂര്‍ ഡോളറാണ് വില. ഏകദേശം 35,000ഓളം ഇന്ത്യന്‍ രൂപ. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിഭവം ഇക്കോണമി ക്ലാസിലെ ത്രീ-കോഴ്‌സ് സദ്യയും. 53 സിങ്കപൂര്‍ ഡോളറാണ് (2900 രൂപ) ഇതിന്റെ നിരക്ക്. 

സാമൂഹിക അകലം പാലിക്കുന്നതിന് ജംബോയിലെ രണ്ടു തട്ടുകളിലായുള്ള പകുതി സീറ്റുകളും ഒഴിച്ചിട്ടാണ് റസ്റ്റൊറന്റ് ക്രമീകരിച്ചിട്ടുള്ളത്. ചാങി എയര്‍പോര്‍ട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ജംബോ വിമാനമാണ് സിങ്കപൂര്‍ എയര്‍ലൈന്‍സ് റസ്റ്റൊറന്റാക്കി മാറ്റിയിരിക്കുന്നത്. വിമാന വിഭവങ്ങള്‍ വീട്ടിലെ സ്വീകരണ മുറിയിലിരുന്ന് ആസ്വദിക്കാന്‍ വിമാനത്തില്‍ വിളമ്പുന്ന ഭക്ഷ്യവിഭവങ്ങളുടെ ഹോംഡെലിവറിയും സിംഗപൂര്‍ എയര്‍ലൈന്‍സ് ആരംഭിച്ചിട്ടുണ്ട്.
 

Latest News