Sorry, you need to enable JavaScript to visit this website.

ഉദ്ധവിന് ഗവര്‍ണറയച്ച കത്ത് ഞെട്ടിച്ചെന്ന് പവാര്‍; പ്രധാനമന്ത്രിക്ക് കത്തെഴുതി

മുംബൈ- കോവിഡ് ലോക്ഡൗണില്‍ അടപ്പിച്ച ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കാത്തതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിലെ ഉള്ളടക്കവും ഭാഷയും ഞെട്ടിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്‌തെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. 'ഗവര്‍ണര്‍ക്ക് സ്വതന്ത്ര കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടാകുന്നതിനെ അംഗീകരിക്കുന്നു. തന്റെ കാഴ്ചപ്പാടുകള്‍ മുഖ്യമന്ത്രിയുമായി പങ്കുവെക്കാനുള്ള അദ്ദേഹത്തിന്റെ വിശേഷാധികാരത്തേയും മാനിക്കുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇന്ന് മാധ്യമങ്ങള്‍ക്കു നല്‍കിയ ആ കത്തും അതിലുപയോഗിച്ചിരിക്കുന്ന ഭാഷയും കണ്ടു ഞാന്‍ ഞെട്ടുകയും ആശ്ചര്യപ്പെടുകയും ചെയ്തു'- പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പവാര്‍ പറയുന്നു.

ഗവര്‍ണറുടെ കത്ത് ഒരു രാഷ്ട്രീയ നേതാവ് എഴുതിയ പോലെ ദ്വയാര്‍ത്ഥം ധ്വനിപ്പിക്കുന്നതാണെന്നും പവാര്‍ പറഞ്ഞു. കത്തില്‍ ഗവര്‍ണര്‍ മര്യാദയില്ലാത്ത ഭാഷ ഉപയോഗിച്ചത് താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന ഉറപ്പാണെന്ന് പ്രധാനമന്ത്രിക്കെഴുതിയ കുറിപ്പില്‍ പവാര്‍ പറയുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ കോശിയാരി മുഖ്യമന്ത്രി ഉദ്ധവിനെഴുതിയ കത്താണ് വിവാദത്തിന് തിരികൊളുത്തിയത്. ഉദ്ധവിനെ കൊട്ടുകയും പരിഹസിക്കുകയും ചെയ്യുന്ന രീതിയിലാണ് കത്ത്. എന്നാല്‍ തനിക്ക് ഗവര്‍ണറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നു പറഞ്ഞ് ഉദ്ധവ് ശക്തമായ ഭാഷയില്‍ തിരിച്ചടിക്കുകയും ചെയ്തു.
 

Latest News