മുംബൈ- യുപിയിലെ ഗ്രാമങ്ങളില്‍ ഇപ്പോഴും ജാതിവിവേചനം നിലനില്‍ക്കുന്നുണ്ടെന്നും തനിക്കുപോലും അതില്‍ നിന്നു മോചനം ലഭിച്ചിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. കുടുംബത്തില്‍ മുത്തശ്ശി താഴ്ന്ന ജാതിയില്‍ പെട്ടയാളാണ്. ഇപ്പോഴും മുത്തശ്ശിയെ ചൂണ്ടിക്കാട്ടി ഞങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'തെറ്റ് തെറ്റാണ്. ഞങ്ങളുടെ കലാസമൂഹവും ഹത്രാസില്‍ സംഭവിച്ചതിനെതിരെ സംസാരിക്കുന്നു. എതിര്‍ത്തു സംസാരിക്കുകയെന്നത് വളരെ പ്രധാനമാണ്. നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായത്. ജാതി വിവേചനം ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഇതേ ആളുകള്‍ പുറത്തേക്ക് സഞ്ചരിച്ചു നോക്കണം. അപ്പോള്‍ സത്യമെന്താണെന്ന് തിരിച്ചറിയാന്‍ കഴിയും' അദ്ദേഹം പറഞ്ഞു.
'ഞാന്‍ പ്രശസ്തനാണെന്നത് പോലും അവരെ ബാധിക്കുന്നതല്ല. വിവേചനം അവരുടെ രക്തത്തില്‍ തന്നെയുള്ളതാണ്. അത് അഭിമാനമായിട്ടാണു കണക്കാക്കുന്നത്. ഇപ്പോള്‍ പോലും ജാതിവിവേചനം പലയിടത്തും നിലനില്‍ക്കുന്നു' നടന്‍ ചൂണ്ടിക്കാട്ടി.