കൊച്ചി-തനിക്കു കോവിഡ് പിടിപെട്ട അവസ്ഥയെക്കുറിച്ചു വെളിപ്പെടുത്തി നടി ഗൗതമി നായര്‍. ഇപ്പോള്‍ ടെസ്റ്റ് ചെയ്തപ്പോള്‍ കോവിഡ് നെഗറ്റീവ് ആയെന്നും 21 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കി എന്നും ഗൗതമി പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഗൗതമി ഇക്കാര്യം അറിയിച്ചത്. ഹെല്‍ത്ത് സെന്ററില്‍ നിന്നും നഴ്‌സുമാര്‍ വിളിച്ച് നിത്യേന തങ്ങളുടെ ആരോഗ്യ വിവരം തിരക്കിയിരുന്നെന്നും ഗൗതമി പറയുന്നു.
ഗൗതമിയുടെ കുറിപ്പ്
അങ്ങനെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത് സംഭവിച്ചു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ നെഗറ്റീവ് ആയി, എന്റെ 21 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി. എന്റെ സഹോദരിയെയും കോവിഡ് ബാധിച്ചിരുന്നു.എനിക്ക് ആദ്യം പറയാനുള്ളത് ഹെല്‍ത്ത് സെന്ററുകളിലെ നഴ്‌സുമാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും കുറിച്ചാണ്. ഞങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് അറിയാനും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും അവര്‍ എന്നും വിളിച്ചുകൊണ്ടിരുന്നു.
ഞങ്ങള്‍ക്ക് കഠിനമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് പേര്‍ക്കും കടുത്ത തലവേദന ഉണ്ടായിരുന്നു, മൈഗ്രെയ്‌നൊക്കെ പോലെ. സഹപ്രവര്‍ത്തകക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ െ്രെപമറി കോണ്‍ടാക്റ്റ് പട്ടികയില്‍ എന്നെ ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പോലും അറിയുമായിരുന്നില്ല. എങ്കില്‍ ഞാന്‍ കാരണം എത്ര പേരിലേക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ പരിശോധന നടത്തുക. നമ്മുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കാതിരിക്കുക.