ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ടങ്ങളെ വിലക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികള്‍ക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി.നേരത്തെ ഒക്ടോബര്‍ 15നു ശേഷമെ രാഷ്ട്രീയ റാലികള്‍ക്ക് അനുമതി നല്‍കിയിരുന്നുള്ളൂ. ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ഹരിയാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്നത്. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പും മറ്റിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകളുമാണ് നടക്കുന്നത്.
കോവിഡ് വ്യാപനം തടയുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും പൊതുജനം സ്വീകരിക്കുന്നുണ്ട് എന്നുറപ്പു വരുത്താന്‍ ആഭ്യന്തര മന്ത്രാലയം രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.