ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വഷണത്തിന് സമയം നീട്ടി നല്‍കി.
പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക അന്വഷണ സംഘത്തെ പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. അതിവേഗ കോടതി കേസില്‍ വിസ്താരം നടത്തി പ്രതികള്‍ക്ക് ശിക്ഷ നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബുധനാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത്.
ഹാഥ്‌റസ് സംഭവത്തില്‍ നീതി ലഭിക്കുന്നതുവരെ പോരാടുമെന്ന് വിവിധ പാര്‍ട്ടികളും ദളിത് പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കെ സി.ബി.ഐ അന്വേഷണത്തിനും യു.പി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.