മേഘ്‌ന നിന്നെ ഓര്‍ത്ത് ഒരുപാട് കരഞ്ഞു, ഇപ്പോഴും കരയുന്നു: നവ്യ നായര്‍

കൊല്ലം-മേഘ്‌ന രാജിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ ദുഃഖത്തോടെയാണ് സിനിമാലോകവും ആരാധകരും ഏറ്റെടുത്തത്. ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്‌ന എഴുതിയ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ഈ ചിത്രങ്ങളും ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് മേഘ്‌ന എഴുതിയ കുറിപ്പും തന്റെ ഹൃദയത്തെ ഏറെ വേദനിപ്പിച്ചു എന്ന് നടി നവ്യ നായര്‍ പറയുന്നത്.
ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ചിത്രങ്ങള്‍ പങ്കുവച്ചാണ് നവ്യ കുറിച്ചിരിക്കുന്നത്. 'എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്‌ന, നിന്നെയോര്‍ത്ത് ഞാന്‍ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷവും ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുന്നു. സ്‌നേഹം. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ' എന്നാണ് നവ്യ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് മേഘ്‌നയുടെ സീമന്ത ചടങ്ങുകള്‍ നടന്നത്. ഭര്‍ത്താവ് ചിരഞ്ജീവിയുടെ കട്ടൗട്ട് വച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരയെും ദുഃഖത്തിലാഴ്ത്തി ചിരഞ്ജീവി വിട പറഞ്ഞത്. മേഘ്‌നയ്ക്കും ചിരുവിനും ഇടയിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിനിടെ ആയിരുന്നു മരണം നടനെ തട്ടിയെടുത്തത്.
'എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും.. എന്നെന്നേക്കും എല്ലായ്‌പ്പോഴും' എന്നാണ് സീമന്ത ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മേഘ്‌ന കുറിച്ചത്. ചിരഞ്ജീവിയുടെ മരണത്തോടെ സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്ന താരം വ്യാജവാര്‍ത്തകളോട് പ്രതികരിച്ചും രംഗത്തെത്തിയിരുന്നു.
 

Latest News