ചെന്നൈ-പ്രമുഖ തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ബിസിനസുകാരനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലു ആണ് വരന്‍. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം. കാജല്‍ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിരിക്കുന്നത്.
കോവിഡ് കാലമായതിനാല്‍ ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാണ് ഉണ്ടാവുക എന്നും കാജല്‍ പറയുന്നു. വിവാഹശേഷവും അഭിനയം തുടരും. പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം എന്നും താരം കുറിപ്പില്‍ പറയുന്നു.
വീട്ടുകാര്‍ നിശ്ചയിച്ച വിവാഹമാണ്. കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം. ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യന്‍ രംഗത്ത് സജീവമാകുകയായിരുന്നു. മഗധീര, തുപ്പാക്കി, ജില്ല, മാരി, മാട്രന്‍, മിസ്റ്റര്‍ പെര്‍ഫെക്ട്, യേവദു തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ താരം വേഷമിട്ടു. മൊസഗല്ലു, ആചാര്യ, മുംബൈ സാഗ, ഹേയ് സിനാമിക, ഇന്ത്യന്‍ 2 എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പാരിസ് പാരിസ് ആണ് റിലീസിന് ഒരുങ്ങുന്ന സിനിമ. കങ്കണ റണൗട്ട് ചിത്രം ക്യൂനിന്റെ റീമേക്കായ ഈ ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് റിലീസിനെത്തുന്നത്.