ചണ്ഡീഗഢ്- ഹരിയാനയിലെ ഗുഡ്ഗാവില്‍ 25കാരിയായ യുവതിയെ നാലു പേരടങ്ങുന്ന സംഘം കൂട്ടബലാല്‍ത്സംഗം ചെയ്ത ശേഷം ക്രൂരമായി മര്‍ദിച്ചു. ശരീരത്തില്‍ പലഭാഗത്തും മുറിവേറ്റ യുവതിയുടെ തലയില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ദല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഫേയ്‌സ് ടുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രതികളായ, 20നും 25നുമിടയില്‍ പ്രായമുള്ള നാല് അക്രമികളേയും പിടികൂടിയതായി ഡിഎല്‍എഫ് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കരണ്‍ ഗോയല്‍ അറിയിച്ചു. പ്രതികളില്‍ മൂന്നു പേര്‍ ഡെലിവറി ബോയികളായി ജോലി ചെയ്യുന്നവരാണ്.
പ്രതികളിലൊരാള്‍ യുവതിയെ ഞായറാഴ്ച രാത്രി സികന്ദര്‍പൂര്‍ മെട്രോ സ്റ്റേഷനു സമീപത്തു കണ്ടുമുട്ടുകയും പിന്നീട് ഇവരെ ഒരു റിയല്‍ എസ്‌റ്റേറ്റ് കമ്പനി ഓഫീസിലെത്തിക്കുകയുമായിരുന്നു. ഇവിടെയാണ് യുവതി പീഡനത്തിനിരയായത്. മറ്റു പ്രതികള്‍ ഇവിടെ ഉണ്ടായിരുന്നു. പ്രതികളില്‍ ഒരാള്‍ ഇവിടെയാണ് ജോലി ചെയ്യുന്നത്. വഴങ്ങാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ യുവതിയെ ആക്രമിച്ചതെന്നും തല പിടിച്ച് ചുമരില്‍ അടിച്ചെന്നും പോലീസ് പറഞ്ഞു. യുവതി ഇപ്പോള്‍ ഗുഡ്ഗാവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ട സുരക്ഷാ ഗാര്‍ഡാണ് പോലീസിനെ വിവരമറിയിച്ചത്.