മുംബൈ-ബോളിവുഡിലെ വ്യാപകമായി ലഹരിമരുന്ന് ഉപയോഗമെന്ന ആരോപണങ്ങളെക്കുറിച്ചും സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ കുറിച്ചും പ്രതികരിച്ച് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ബോളിവുഡില്‍ നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലരുണ്ടെന്നതു നിഷേധിക്കുന്നില്ലെന്നും എല്ലാ വ്യവസായത്തിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ഒരു തൊഴില്‍ മേഖലയിലും എല്ലാ വ്യക്തിയും ഇത്തരം പ്രശ്‌നങ്ങളില്‍ ഏര്‍പ്പെടില്ല. നമ്മുടെ ഏജന്‍സികളും കോടതികളും ഈ വിഷയത്തില്‍ ന്യായമായ അന്വേഷണം നടത്തുമെന്നു പൂര്‍ണ വിശ്വാസമുണ്ട്. ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവെച്ച സന്ദേശത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്.
വളരെയധികം ഹൃദയഭാരത്തോടെയാണു ഞാന്‍ സംസാരിക്കുന്നത്. കുറച്ച് ആഴ്ചകളായി വളരെയധികം കാര്യങ്ങള്‍ പറയാന്‍ ആഗ്രഹമുണ്ട്. ഞങ്ങളെ താരങ്ങള്‍ എന്ന് വിളിക്കുമ്പോഴും ബോളിവുഡ് സൃഷ്ടിക്കപ്പെട്ടത് നിങ്ങളുടെ സ്‌നേഹം കൊണ്ടാണ്. സിനിമകളിലൂടെ ലോകമെമ്പാടും ഇന്ത്യന്‍ മൂല്യങ്ങളും സംസ്‌കാരവും പ്രദര്‍ശിപ്പിച്ച വ്യവസായമാണിത്. അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രസക്തമായ പ്രശ്‌നങ്ങള്‍ അത് ഉന്നയിക്കുന്നുണ്ട്. തുടരുകയും ചെയ്യും. സുശാന്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്കു പ്രേരിപ്പിച്ചെന്നും അക്ഷയ് പറഞ്ഞു. ഇന്‍ഡസ്ട്രിയെ മുഴുവന്‍ ഒരുപോലെ നോക്കികാണരുത്. അങ്ങനെ ചെയ്യുന്നതു ശരിയല്ല. മാധ്യമങ്ങള്‍ അവരുടെ ജോലികള്‍ തുടരട്ടെ. എന്നാല്‍ ഒരു നെഗറ്റീവ് കാര്യം ചര്‍ച്ചയാകുമ്പോള്‍, നീണ്ടകാലത്തെ കഠിനാധ്വാനത്തിലൂടെ കലാകാരന്‍ കെട്ടിപ്പടുത്ത പ്രശസ്തി തകരുമെന്ന് ഓര്‍ക്കണമെന്നും ഓര്‍മിപ്പിച്ചു കൊണ്ടുള്ള നാലു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് അക്ഷയ് കാര്യങ്ങള്‍ വിവരിച്ചത്.