Sorry, you need to enable JavaScript to visit this website.

ആയിരം അര്‍ഥമുള്ള ആലിംഗനം, ഹാഥ്‌റസിലേക്കുള്ള വഴിയില്‍ സംഭവിച്ചത്...

ന്യൂദല്‍ഹി- ഹാഥ്‌റസിലെത്തി, ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ പ്രിയങ്കാ ഗാന്ധി ആശ്ലേഷിക്കുന്ന രംഗത്തിന് ഒരായിരം അര്‍ഥമുണ്ട്. മനുഷ്യാവകാശ ലംഘനങ്ങളാലും പോലീസ് അതിക്രമങ്ങളാലും കുപ്രസിദ്ധിയാര്‍ജിച്ച യോഗി ആദിത്യനാഥിന്റെ കാഷായ ഭരണത്തിന് ഈ ആശ്ലേഷമേല്‍പിക്കുന്ന ആഘാതം ചില്ലറയല്ല.
യു.പി പോലീസുമായി അക്ഷരാര്‍ഥത്തില്‍ ഏറ്റുമുട്ടിത്തന്നെയാണ് പ്രിയങ്കയും രാഹുലും ഹാഥ്്‌റസിലെത്തിയത്. കടുത്ത നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായിരുന്നു അത്. പെണ്‍കുട്ടിയുടെ കുടുംബത്തെ കണ്ടുമുട്ടുന്നതില്‍നിന്ന് തന്നെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല എന്ന്  രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ അന്വര്‍ഥമായി. രണ്ടു ദിവസം മുമ്പ് പ്രിയങ്കക്കൊപ്പം ഹാഥ്‌റാസ് സന്ദര്‍ശിക്കാനുള്ള രാഹുലിന്റെ ശ്രമം ഉത്തര്‍പ്രദേശ് പോലീസ് പരാജയപ്പെടുത്തിയിരുന്നു.

അന്ന് രാഹുലിനെ കായികമായി നേരിട്ട പോലീസ് വഴിയില്‍ വച്ച് അറസ്റ്റ് ചെയ്ത് തിരിച്ചയക്കുകയാണ് ഉണ്ടായത്. എന്നാല്‍ രണ്ടുംകല്‍പിച്ചായിരുന്നു ഇത്തവണത്തെ ശ്രമം. 
നോയ്ഡയ്ക്ക് സമീപത്ത് വെച്ചാണ് വ്യാഴാഴ്ച രാഹുലിനേയും പ്രിയങ്കയേയും പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തവണയും പോലീസ് അതിര്‍ത്തിയില്‍ തന്നെ കാത്തിരുന്നു. ബാരിക്കേഡുകള്‍ വെച്ച് റോഡ് പൂര്‍ണമായും അടച്ചു. പ്രദേശം ഒന്നടങ്കം പോലീസ് വലയത്തിലാക്കി. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

ദല്‍ഹി നോയിഡ അതിര്‍ത്തിയില്‍ അപ്പോഴേക്കും ആയിരണകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ പോലീസ് നിരക്ക് മുമ്പിലായി അണി നിരന്നു. സ്ഥിതി പന്തിയല്ലെന്ന് മനസ്സിലാക്കി പോലീസ് ഒടുവില്‍ അഞ്ചു പേര്‍ക്ക്മാത്രം പോകാന്‍ അനുമതി നല്‍കാമെന്ന് അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ച ശേഷം രാഹുല്‍ ഇതിന് സമ്മതം അറിയിച്ചു. ശേഷം വാഹനത്തിന് മുകളില്‍ കയറി തീരുമാനം പ്രഖ്യാപിച്ചു. 

രാഹുലിനേയും പ്രിയങ്കയേയും പോലീസ് കായികമായി നേരിട്ടതും മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും സാമൂഹിക മാധ്യമങ്ങളിലും മറ്റു വലിയ ജനരോഷത്തിനിടയാക്കി. ഉമാഭാരതി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ യോഗിക്കെതിരെ രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകരേയും രാഷ്ട്രീയ നേതാക്കളേയും തടയരുതെന്ന് ഉമഭാരതി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യു.പി സര്‍ക്കാര്‍ മുന്‍നിലപാടില്‍ നിന്ന് പിന്നോട്ട് പോയത്. 

അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹഥ്‌റാസ് സംഭവം വലിയ വാതിലാണ് കോണ്‍ഗ്രസിന് മുന്നില്‍ തുറന്നിട്ടിട്ടുള്ളത്. കോണ്‍ഗ്രസ് ഇതൊരു രാഷ്ട്രീയ സമരമാക്കുകയാണ്. രാഹുലിനും സംഘത്തിനും വഴിയൊരുക്കാനായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ നോയിഡ അതിര്‍ത്തിയില്‍ സംഘടിച്ചെത്തിയതു പുതിയ സന്ദേശങ്ങള്‍ നല്‍കുന്നു.
 

Latest News