ഹാത്റസ്: എസ്.പി അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍


ലഖ്‌നൗ- ഹാത്‌റസ് കൂട്ടബലാത്സംഗ-കൊലപാതക കേസുമായി ബന്ധപ്പെട്ട് എസ്.പി അടക്കം അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ഉത്തര്‍പ്രദേശ് പോലീസിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രക്ഷോഭം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്. പോലീസിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തല്‍.

കൂട്ടബലാത്സംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് കൈകാര്യം ചെയ്തതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പ്രതികള്‍ക്കും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും നുണപരിശോധന നടത്തണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി റിപ്പോര്‍ട്ടുണ്ട്്.

സെപ്റ്റംബര്‍ പതിനാലിനാണ് ഹാത്‌റസില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മക്കൊപ്പം പുല്ലരിയാന്‍ വയലില്‍ പോയപ്പോള്‍ നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. അക്രമികള്‍ യുവതിയുടെ നാവ് മുറിച്ചുമാറ്റുകയും ശരീരത്തില്‍ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.  ചികിത്സയിലായിരുന്ന യുവതി 22ന് വൈകുന്നേരത്തോടെ മരിച്ചു.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ പോലീസ് ബലമായി സംസ്്കരിക്കുകയായിരുന്നെന്നും പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബലാത്സംഗം നടന്നതായി തെളിവില്ലെന്നും എ.ഡി.ജി.പി പറഞ്ഞിരുന്നു.

 

Latest News