Sorry, you need to enable JavaScript to visit this website.

അവധിക്കാലം

'രക്ഷയില്ലാഞ്ഞ് വന്നതാ. അവധിക്കാലമായതുകൊണ്ട് മക്കളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് ഭാര്യ പറഞ്ഞു. അവൾ പറഞ്ഞതുകൊണ്ടുമാത്രം വന്നതാ?. വിദേശത്ത്‌നിന്ന് എത്തിയ പ്രവാസി പറഞ്ഞു. 
മക്കളെ കൈകാര്യം ചെയ്യുകയെന്നത് തുല്യമായി പങ്കിടാൻ അയാളെത്തിയിരിക്കുന്നു. ഒരർത്ഥത്തിൽ ഭാര്യയ്ക്ക് മക്കൾ ഭാരം കുറയ്ക്കാൻ ഗൾഫുകാരൻ ഭർത്താവ് എത്തിയിരിക്കുന്നു. അവധിയിൽ 'അർമ്മാദി'ക്കുന്ന മക്കളുടെ മേൽ ഒരു നിയന്ത്രണം നടത്താൻ.


മക്കളുടെ അവധിക്കാലം നാട്ടിലുള്ള രക്ഷിതാക്കളിൽ പലർക്കും ഭീഷണിയാണ്. ഗൾഫുകാരന് മാത്രമല്ല നാട്ടിലുള്ള രക്ഷിതാക്കളിൽ ചിലർക്കും കടുത്ത മാനസിക സംഘർഷത്തിന് കാരണമാക്കുന്നുണ്ട്. പരീക്ഷ കഴിഞ്ഞ് പാഠപുസ്തകങ്ങളൊക്കെ വലിച്ചെറിഞ്ഞ്, സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ച് രണ്ടും കല്പിച്ച് അവധി അടിച്ചുപൊളിക്കാൻ ഇറങ്ങുന്നവരാണ് മക്കൾ.  പഠനകാലത്ത് രാവിലെയൊന്നെണീറ്റുകിട്ടാൻ രക്ഷിതാക്കളനുഭവിക്കുന്ന കഷ്ടപ്പാട് ചില്ലറയായിരിക്കില്ല. എണീറ്റാൽ തന്നെ ഒന്നൊരുങ്ങിക്കിട്ടാൻ കഠിനയത്‌നം വേണം. കൃത്യസമയത്ത് സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനം നഷ്ടപ്പെടാതിരിക്കാൻ അടവുകൾ പതിനെട്ടും പയറ്റണം. അവധിക്കാലം തുടങ്ങുന്നതോടെ രാവിലെയാരും വിളിച്ചെഴുന്നേൽപ്പിക്കേണ്ടതില്ല. ഭക്ഷണം കഴിക്കാൻ കൽപ്പിക്കേണ്ടതില്ല. എണീക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഞൊടിയിടകൊണ്ട്. പിന്നെ പറന്നെത്തുന്ന ചങ്ങാതിമാർക്കൊപ്പം കളിക്കളങ്ങളിലേക്ക് റോക്കറ്റിനെ തോൽപ്പിക്കുന്ന വേഗതയിൽ മിന്നിമറയുന്നു. ഉച്ചഭക്ഷണത്തിന് വരുന്നത് വിശക്കുന്നതിനാൽ മാത്രം. ഊണുകഴിഞ്ഞാൽ ഒരു നിമിഷം വീട്ടിലുണ്ടാവില്ല. രാത്രിവരെ കണ്ണും മൂക്കുമില്ലാക്കളി!


വീട്ടിനുള്ളിനോ, മുറ്റത്തോവെച്ചാണ് കളിയെങ്കിൽ പലർക്കും ഏറെനേരം പൊരുത്തത്തോടെയും സൗഹാർദ്ദത്തോടെയും കളിക്കാനാവില്ല. മക്കൾക്കിടയിലെ അടിപിടിയാണ് രക്ഷിതാക്കളുടെ ഏറ്റവും വലിയ പ്രശ്‌നം. പരിഹാരത്തിന് നടുക്ക് നിന്നാൽ രക്ഷിതാവ് പക്ഷപാതിയാവും ചിലർക്ക്. അക്രമവും, അടിപിടിയും വാക്കേറ്റവും മക്കൾക്കിടയിൽ ആളിക്കത്തുമ്പോൾ രക്ഷിതാക്കൾ പറഞ്ഞുപോകും: 'ഈ സ്‌കൂളൊന്ന് തുറന്ന് കിട്ടിയെങ്കിൽ....' ചില രക്ഷിതാക്കൾക്ക് പകൽനേരം വീട്ടിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ മക്കളെ തടവിൽ പാർപ്പിക്കുന്ന രക്ഷാകേന്ദ്രങ്ങളാണ് വിദ്യാലയം.
വീട്ടിൽ അമ്മ മാത്രമേയുള്ളൂ എന്ന് വരുമ്പോൾ, പലരുടേയും അക്രമക്കളി പതിന്മടങ്ങിരട്ടിക്കും. അമ്മമാർക്ക് മക്കളിൽ നിയന്ത്രണം നന്നേ കുറവ് കൂടിയാണെങ്കിൽ, അവധിക്കാലത്ത് മക്കളെ വീട്ടിലാക്കി തീർത്ഥയാത്രയ്ക്ക് പോകാനവരാശിക്കും. കുടുംബത്തിലെ കാര്യനിർവ്വഹണം എല്ലാം നടത്തുന്ന ഗൾഫുകാരന്റെ ഭാര്യയുടെ അധ്വാനഭാരം ഇരട്ടിയെങ്കിലുമാവുന്ന കിരാതകാലമാണ് മക്കളുടെ അവധിക്കാലം. തനിച്ച് ചെയ്യാനാവാത്ത ധർമ്മനിർവ്വഹണത്തിന് ചില ഗൾഫ് ഭാര്യമാർ ഭർത്താവിന്റെ സഹായം ആവശ്യപ്പെടുന്നു: 'ഒന്നുകിൽ നിങ്ങളിങ്ങോട്ടു വരൂ, അല്ലെങ്കിൽ മക്കളെ അങ്ങോട്ട് കൊണ്ടുപോകൂ'.


മക്കളുടെ അവധിക്കാലം ഇത്രമാത്രം ഭീകരകാലമാണോ? പലരും അവധിക്കാലം സമാധാനത്തിന്റേതോ ഐശ്വര്യത്തിന്റേതോ എന്ന് പറയാനിടയില്ല. രക്ഷിതാക്കൾ കുട്ടികളെ പഴിക്കുകയല്ലാതെ എന്തുകൊണ്ട് അവധിക്കാലം രക്ഷിതാക്കൾക്കും, അവരുടെ മനോഭാവം കൊണ്ടും ഇടപെടലുകൾകൊണ്ടും മക്കൾക്കും അത്ര സുഖകരമല്ലാത്ത കാലമായി മാറുന്നു എന്നാലോചിക്കാറില്ല. അവധിക്കാലത്തിന്റെ ആവശ്യകതയോ ധർമ്മനിർവ്വഹണമോ വിശകലനം ചെയ്യാറില്ല. മക്കളുടെ അവധിക്കാലത്തിന്റെ പ്രതികൂലഘടകങ്ങളോ പ്രത്യാഘാതങ്ങളോ മാത്രം ചൂണ്ടിക്കാണിക്കുന്നവർക്ക് അതിന്റെ അനുകൂലവശങ്ങൾ തിരിച്ചറിയാനുമിടയില്ല.


അവധിക്കാലത്തിന് പലവിധ ധർമ്മ(ളൗിരശേീി)െങ്ങൾ ഉണ്ട്. പഠനത്തിന് ഒരിടയൊഴിവ് കൊടുത്ത് ആനന്ദിക്കാനും ആശ്വാസം കണ്ടെത്താനും അവധിയാവശ്യമാണ്. ആ നാളിൽ നിർബ്ബന്ധമായും വീട്ടിലിരിക്കുകയും, കൂട്ടുകാർക്കൊപ്പം കൂടുകയും ചെയ്യാനും ഒരിക്കലും പഠനസംബന്ധിയായ കാര്യങ്ങൾ തൊട്ട്‌പോകരുതെന്ന് നിർബ്ബന്ധിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകരുമുണ്ട്. വായിക്കാനും വിശകലനം ചെയ്യാനും പഠിക്കാനും പ്രയോഗിക്കാനും ആവശ്യമായ ഊർജ്ജം സംഭരിക്കാനുള്ള കാലമാണ് അവധിനാളുകൾ. തുടർച്ചായ പഠനപ്രക്രിയ മനസ്സിനും തലച്ചോറിനുമുണ്ടാക്കാനിടയുള്ള സംഘർഷവും ഭാരവും കുറക്കാൻ ഇതുവഴി സഹായിക്കുന്നു. സാമൂഹികബന്ധങ്ങൾ പടുത്തുയർത്തുന്നതിനുള്ള അവസരം കൂടിയാണ് അവധിക്കാലം. അക്ഷരങ്ങളുടേയും പാഠപുസ്തകങ്ങളുടേയും ലോകത്തുനിന്ന് സാമൂഹികപാഠങ്ങൾ സ്വയവത്താക്കാനും പ്രയോഗിക്കാനും അവധിക്കാലം സഹായിക്കുന്നു. കൂട്ടുകാരുമായും കുടുംബാംഗങ്ങളുമായും അറിയാനും അടുക്കാനും അത് വഴിയേകുന്നു. പാഠങ്ങൾ പ്രയോഗിക്കാനും ക്രിയാത്മകമായ പ്രവൃത്തികളിലൂടെ വളരാനുമുള്ള സമയംകൂടിയാണിത്. ഒരു കുട്ടിയുടെ സർഗ്ഗവാസന വളർത്താൻ അവധിക്കാലത്തിന് കഴിയും. കഴിവുകൾ കണ്ടെത്താനും വളർത്താനും അതുവഴി സാധിക്കുന്നു. കളിക്കാനും കളികളിൽനിന്നും പലതും പഠിക്കാനും കഴിയുന്നു. കളികൾ വിനോദത്തിനോ ആനന്ദത്തിനോ അപ്പുറമുള്ള പാഠങ്ങൾ കൂടിയാണ്.

ഉല്ലാസത്തിനപ്പുറം മാനസികവും സാമൂഹികവുമായ വളർച്ച സ്വരൂപിക്കാനുള്ള പഠനക്കളരിയാണ് കളിക്കളം കുട്ടികൾക്ക്. ആത്യന്തികമായി, പലതും പഠിക്കാനും, പഠിച്ചത് പിന്നീട് ഔപചാരികമായ വിദ്യാഭ്യാസത്തിലേക്കും സാമൂഹികജീവിതത്തിലേക്കും ഉപയോഗപ്രദമാക്കാനും അവധിക്കാലത്തിന്റെ ഫലപ്രദമായ വിനിയോഗംകൊണ്ട് സാധിക്കേണ്ടതാണ്. 
രക്ഷിതാക്കൾ പൊതുവെ അവധിക്കാലത്തെ പഴിചാരുന്നതിന് ചില കാരണങ്ങളുണ്ട്. നിയന്ത്രണമില്ലാത്ത കളിയാണ് പ്രധാന വേവലാതിയുടെ കാരണം. രാവിലെയെണീറ്റ് ഉറങ്ങുംവരെ കളി. എണീക്കുന്നത് കളിക്കാനാണെന്ന് തോന്നും. ഉറങ്ങുന്നതും കളിക്കാനാണെന്ന് വിചാരിച്ചുപോകും. രാപകൽ കളി. ഈ മരണക്കളി കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കില്ലേ എന്ന ഭയമാണ് പലർക്കും. പോറലുകളല്ല, മുറിവ് പറ്റിയാലും കുട്ടികൾക്ക് പ്രശ്‌നമല്ല. രക്ഷിതാക്കൾക്ക് മക്കളുടെ കയ്യോ കാലോ ഒടിയുമെന്ന ഭയമാണ്. കൂട്ടുകെട്ടിലുള്ള സംശയമാണ് ചിലർക്ക്. ചങ്ങാതിമാരുടെ സ്വാധീനം അവർ പേടിക്കുന്നു. ദുശ്ശീലങ്ങൾ ഇക്കൂട്ടരുടെ സ്വാധീനത്താൽ വന്നുചേരുന്നതാണെന്നാണ് രക്ഷിതാക്കളുടെ നിഗമനം. ഒടുവിൽ ഇതൊക്കെയും പഠനത്തെ ബാധിക്കുമെന്നവർ സംശയിക്കുന്നു. ചിലർ അവധിക്കാലത്ത് കുട്ടികൾ പുസ്തകം തൊടുന്നേയില്ലെന്ന പരാതിയാണ്. കളിക്കിടയ്ക്ക് പുസ്തകമൊന്ന് മറിച്ചുനോക്കുന്നുമില്ലെന്ന് അവർ വേവലാതികൊള്ളുന്നു.


രക്ഷിതാക്കൾ ആലോചിക്കേണ്ടതും ശ്രമിക്കേണ്ടതും മക്കളുടെ അവധിക്കാലം എങ്ങനെ ഫലവത്താക്കിമാറ്റാൻ കൂട്ടുനിൽക്കാനാവും എന്നതാവണം. അവധി തുടങ്ങുംമുമ്പുതന്നെ മക്കളോടാലോചിച്ച്, അവധിനാളുകൾ എങ്ങനെ രചനാത്മകമാക്കാനാവും എന്നതാണ് പ്രധാനം. അയൽപ്പക്കത്തെ കുട്ടികളെക്കൂടി ആസൂത്രണം ചെയ്യുന്നതിൽപ്പെടുത്തുക. ഒരവധിക്കാലത്ത് പറമ്പിലൊരു മൂലയിൽ ഒരു പന്തലും ഇരിക്കാനും വരയ്ക്കാനും വായിക്കാനും ഒരിടമുണ്ടാക്കുക എന്നതായിരുന്നു എന്റെ മക്കളടക്കമുള്ള അയൽപ്പക്കക്കാരായ കുട്ടികൾ തീരുമാനിച്ചത്. അതിനാവശ്യമായ വസ്തുവകകൾ കുട്ടികൾ തന്നെയാണ് ശേഖരിച്ചത്. പുസ്തകങ്ങളും മാസികകളും അവിടെയെത്തി. ചർച്ചയും ചിത്രംവരയുമൊക്കെയുണ്ടായിരുന്നു. ഒപ്പം കളികളും. കുട്ടികൾ തന്നെ അവരുടെ അവധിക്കാല പരിപാടിക്ക് പേരും നൽകി. ഗുരുകുലം. രക്ഷിതാക്കൾക്കും സന്തോഷമായി. അവർ കുട്ടികളുടെ രചനാവൈഭവം കണ്ട് അത്ഭുതപ്പെട്ടു. സന്തോഷത്താൽ മധുരപലഹാരങ്ങളും പായസവും ഗുരുകുലത്തെത്തിച്ചു. കുട്ടികളും മുതിർന്നവരും ഹാപ്പി!


കുട്ടികളുടെ കഴിവുകൾ വളർത്താനുതകുന്ന കളികളും പരിശീലന പരിപാടികളുമാണ് അവധിക്കാലത്തേക്ക് ഒരുക്കിക്കൊടുക്കേണ്ടത്. കലാപരിപാടികളുടെ പരിശീലനമാകാം. കുട്ടികളെക്കൊണ്ടുതന്നെ നാടകമോ സ്‌കിറ്റോ ഉണ്ടാക്കി അവതരിപ്പിക്കാൻ നിർദ്ദേശിക്കാം. ഒരാഴ്ചക്കാലത്തിലധികം അവർ രചനയും അഭിനയവുമായി തങ്ങളെ തന്നെ കണ്ടെത്തും. തങ്ങളുടെ തന്നെ വളർച്ചയറിഞ്ഞ് അത്ഭുതപ്പെടുകയും ചെയ്യും. താമസിക്കുന്ന പ്രദേശത്തെക്കുറിച്ചുള്ള പഠനം കുട്ടികളെക്കൊണ്ടു നടത്തിക്കാവുന്നതാണ്. നിരീക്ഷണം, അഭിമുഖം എന്നിവയിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അത് കൂടുതൽ ഫലവത്താക്കാനാവും. പരിസ്ഥിതിപഠനം നടത്തുകയാണെങ്കിൽ, പരിസ്ഥിതി മലിനീകരണത്തിന് എതിരെ കർമ്മപരിപാടികൾ ആസൂത്രണം ചെയ്യിപ്പിക്കാം. വായിച്ച പുസ്തകങ്ങളെക്കുറിച്ചോ കണ്ട സിനിമയെക്കുറിച്ചോ കുട്ടികളുടെ ചർച്ച സംഘടിപ്പിക്കുമ്പോൾ അവരുടെ വിശകലനബോധവും ഒപ്പം ആശയവിനിമയ സാധ്യതകളും വളർത്താനാവുന്നു. നല്ല സിനിമകളുടെ സി.ഡി സംഘടിപ്പിച്ച് കുട്ടികളെ കാണിക്കുക. അവയെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പുകളുണ്ടാക്കിക്കുക. അവധിക്കാലത്ത് കുട്ടികൾക്ക് ഒരു വിനോദയാത്ര സംഘടിപ്പിക്കുക. യാത്ര ഒരു പഠനമാക്കി മാറ്റണം. കാഴ്ചയും ഉൾക്കാഴ്ചയും വളർത്തിയെടുക്കാൻ അവസരമുണ്ടാക്കിക്കൊടുക്കുക എന്നതാണ് പ്രധാനം. 


അവധിക്കാലത്ത് കുട്ടികൾക്കുവേണ്ടി വ്യക്തിത്വവികസന ശിൽപശാലകൾ നടത്തുക. നേതൃത്വവാസന, സംഘാടനം, ആശയവിനിമയം, പ്രഭാഷണം, സമയവിനിയോഗം, വ്യക്തികളുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിലുണ്ടാക്കാവുന്നതാണ്. ഇത്തരം വിഷയങ്ങളിൽ പരിശീലനം നൽകുന്നവരെ ക്ഷണിക്കാം. ഗെയിമുകളും എക്‌സൈസുകളും പാട്ടും കളിയുമൊക്കെയായി ശിൽപശാലകൾ കൂടുതൽ രസകരമാക്കാവുന്നതാണ്. ഇത്തരം അവധിക്കാല പരിശീലനക്കളരികൾ വിവിധ സംഘടനകൾ നടത്തുന്നുണ്ട്. കുട്ടികളെ അതിന് പറഞ്ഞയക്കാവുന്നതാണ്. അവധിക്കാലത്തെ ഈവിധം കൂടുതൽ പ്രയോജനകരമാക്കാൻ ഗൾഫുകാരായ രക്ഷിതാക്കൾക്കും കഴിയും. ഗൾഫിലോ, നാട്ടിലോ ഇത്തരം പരിശീലനക്കളരികൾ അവർക്ക് സംഘടിപ്പിക്കാവുന്നതാണ്. 


ഗൾഫുകാർക്ക് സാധിക്കുമെങ്കിൽ കുട്ടികളുടെ അവധിക്കാലത്തിന് തൊട്ടുമുമ്പ് നാട്ടിലെത്താൻ ശ്രമിക്കാവുന്നതാണ്. പരീക്ഷക്കാലത്ത് ഭാര്യമാർക്ക് സഹായം നൽകാനും കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും സാധിക്കും. പരീക്ഷയുടെ പ്രാധാന്യം ഗൾഫിലുള്ള രക്ഷിതാവിന്റെ വരവോടെ കുട്ടികളും മനസ്സിലാക്കും. പരീക്ഷ കഴിഞ്ഞാൽ, ഏപ്രിൽ ആദ്യം കുട്ടികളെ ഒരു വിനോദയാത്രയ്ക്ക് കൊണ്ടുപോവാം. അവരവരുടെ സാമ്പത്തികസ്ഥിതിയനുസരിച്ച് ഒന്നോ രണ്ടോ ദിവസത്തേക്കുള്ള യാത്രയാവാം. ബന്ധുജനങ്ങൾ ദൂരെയെവിടെയെങ്കിലുമുണ്ടെങ്കിൽ അവിടേക്കൊരു യാത്രയാവാം. അവിടെനിന്ന് തൊട്ടടുത്തുള്ള ചരിത്രപരമോ, സാംസ്‌കാരികമോ ആയി പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശിക്കാം. സാഹസിക യാത്രകളുമാവാം. അവധിക്കാലത്തെ രക്ഷിതാവിന്റെ നാട്ടിലെ സന്ദർശനം ഈവിധം മക്കൾക്ക് രസകരവും പ്രയോജനപ്രദവുമാക്കാനാണ് ശ്രമിക്കേണ്ടത്. പിതാവിന്റെ ഓരോ അവധിക്കാലവും മക്കൾക്ക് മായാത്ത ഒരോർമ്മയായി മാറും. നാട്ടിൽ കുട്ടികളെ വളർത്തുന്ന അമ്മയ്ക്ക് അതൊരാശ്വാസമാവും. അവരുടെ മക്കളുടെ അവധിക്കാലമോർത്തുള്ള വ്യാധിയും തീരും. 


മക്കളുടെ അവധിക്കാലം നാട്ടിലെത്താൻ സാധിക്കാത്ത രക്ഷിതാവ്, ഗൾഫ് രാജ്യത്തിരുന്ന് മക്കളുടെ അവധിക്കാലത്തെ രചനാത്മകവും രസകരവുമാക്കാൻ ശ്രമിക്കണം. ശില്പശാലകളെക്കുറിച്ചറിഞ്ഞ് കുട്ടികളെ അതിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കാവുന്നതാണ്. കഴിവുകൾ വളർത്താനുള്ള ശ്രമങ്ങൾക്ക് ദൂരെയിരുന്നും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാം. അതിനെക്കുറിച്ചൊന്നും അറിവില്ലാത്ത രക്ഷിതാവിന്, സംഘടനകളിലൂടെയോ അധ്യാപകരിലൂടെയോ വിവരശേഖരണം നടത്തി കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാവുന്നതാണ്. നാട്ടിലുള്ള ഗൾഫുകാരുടെ കുടുംബങ്ങളുടെ സഹായത്തോടെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാവുന്നതുമാണ്. ഗൾഫിലെ കലാ സാംസ്‌കാരിക സംഘടനകൾക്ക് ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടലുകൾ നടത്താനാവും.

Latest News