മുംബൈ-സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി ബോളിവുഡ് നടി രംഗത്തെത്തിയത് വലിയ വാര്‍ത്ത ആയിരുന്നു. തുടര്‍ന്ന് കശ്യപിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്യുകയും സംഭവത്തില്‍ ഇന്നലെ അദ്ദേഹത്തെ പൊലീസ് ചോദ്യവും ചെയ്തിരുന്നു. ഇപ്പോഴിതാ നടിയുടെ ആരോപണം മുഴുവന്‍ കള്ളമാണെന്ന് പറഞ്ഞുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അനുരാഗ് കശ്യപിന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി. ആരോപണങ്ങളെല്ലാം വ്യാജവും അടിസ്ഥാന രഹിതവുമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. പീഡനത്തിന് ഇരയായി എന്ന് നടി പറയുന്ന 2013 ഓഗസ്റ്റില്‍ അനുരാഗ് ഒരു മാസം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ ആയിരുന്നു. ഇതിനുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഖിമാനി പറഞ്ഞു.
തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അനുരാഗ് പോലീസിനോട് നിഷേധിച്ചെന്നും അഭിഭാഷക പറയുന്നു. താരത്തിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. കൂടാതെ മീറ്റൂ മൂവ്‌മെന്റിനെ ഇത്തരത്തില്‍ ദുരൂപയോഗം ചെയ്തതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും പത്രക്കുറിപ്പില്‍ അഭിഭാഷക ആവശ്യപ്പെടുന്നു.
ടിവി പരിപാടിക്കിടെ ആയിരുന്നു അനുരാഗ് കശ്യപിനെതിരെ നടി ആരോപണമുന്നയിച്ചത്. എന്നാല്‍ നടിയുടെ ആരോപണം അദ്ദേഹം തള്ളി. മുന്‍ ഭാര്യമാരും കാമുകിയും അനുരാഗ് കശ്യപിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പിന്നീടാണ് നടി പോലീസില്‍ പരാതി നല്‍കിയത്. ആദ്യം ഒഷിവാര പൊലീസ് സ്‌റ്റേഷനിലായിരുന്നു അനുരാഗിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് വെര്‍സോവ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. മുംബൈ പോലീസ് കേസില്‍ അലംഭാവം കാണിക്കുകയാണെന്നാരോപിച്ച് നടിയും അഭിഭാഷകനും രംഗത്തെത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു അനുരാഗ് കശ്യപിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.