ന്യൂദല്‍ഹി-ഹത്രാസ് ക്രൂരപീഡനത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. നരേന്ദ്ര മോഡിയെ തെരഞ്ഞെടുത്ത് പാര്‍ലമെന്റിലേക്ക് വിട്ട അതേ ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്നുള്ള ഒരു മകള്ക്കെതിരെയാണ് ക്രൂരത ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അവളെ അതിക്രൂര പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി. അവളുടെ എല്ലുകള്‍ ഒടിഞ്ഞു. അവളുടെ മൃതശരീരം മാലിന്യം പോലെ സംസ്കരിച്ചുവെന്നും ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ മനുഷ്യാവകാശ ലംഘനം നടക്കുമ്പോള്‍ പ്രധാനമന്ത്രി ഒരു വാക്കു പോലും പറയുന്നില്ലെയെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ല. പ്രധാനമന്ത്രിക്ക് എത്ര നേരം മൗനം പാലിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.