അയച്ചതും സ്വീകരിച്ചതുമായ വലിയ ഫയലുകൾ കണ്ടെത്തി ഡിലീറ്റ് ചെയ്യാനും സ്മാർട്ട് ഫോണുകളിൽ കൂടുതൽ സ്‌പേസ് ലാഭിക്കാനും വാട്‌സ്ആപ്പിൽ പുതിയ ഫീച്ചറുകൾ വരുന്നു.
വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡിനായി ഇറക്കിയ വാട്‌സ്ആപ് പതിപ്പിലാണ് ഉപയോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന സൗകര്യമുള്ളത്.
അയച്ചതും സ്വീകരിച്ചതുമായ മീഡിയകൾ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട ഗുണം വലിയ ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തി ഇല്ലാതാക്കുന്നതിലൂടെ സ്ഥലം ലാഭിക്കാൻ സഹായിക്കുന്നു എന്നതു തന്നെ.
വാട്‌സ്ആപ്പിൽ വരുന്ന പുതിയ ഫീച്ചറുകളെ കുറിച്ച് മുൻകൂട്ടി റിപ്പോർട്ട് ചെയ്യാറുള്ള വാബീറ്റഇൻഫോ റിപ്പോർട്ട് പ്രകാരം 2.20.201.9 ബീറ്റാ പതിപ്പിലാണ് പുതിയ സൗകര്യമുള്ളത്. പൊതുവായ തകരാറുകൾ പരിഹരിക്കുന്നതും പ്രവർത്തനം മെച്ചപ്പെടുത്തുന്നതുമാണ് ബീറ്റാ പതിപ്പ്.
ഫോണിൽ വാട്‌സ്ആപ് മീഡിയ ഏറ്റെടുക്കുന്ന സ്ഥലം വേർതിരിച്ച് നൽകുന്നതിന് സ്റ്റോറേജ് ഇന്റർഫേസ് പൂർണമായും മാറ്റിയിട്ടുണ്ട്.
സ്മാർട്ട് ഫോണിന്റെ ശേഷിയുടെ എത്ര മാത്രം സ്‌പേസ് വാട്‌സ്ആപ് മീഡിയയും പുറമെ നിന്നുള്ള ഡാറ്റയും നിറയ്ക്കുന്നുണ്ട് എന്നു കാണിക്കുന്ന സ്റ്റോറേജ് ബാർ കൂടി മൊത്തത്തിലുള്ള മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ഇതിന് ചുവടെ, നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന മീഡിയാ ഫയലിന്റെ വലിപ്പം എളുപ്പത്തിൽ കണ്ടെത്താൻ കഴിയും.
ഈ ലിസ്റ്റിലെ ഫയലുകൾ അതിന്റെ വലിപ്പവും തീയതിയും അനുസരിച്ച് അടുക്കാനും കഴിയും.
നിങ്ങളുടെ സ്മാർട്ട് ഫോണിൽ കൂടുതൽ സ്ഥലം കവരുന്ന മീഡിയ ഏതൊക്കെ ചാറ്റുകളിലാണെന്ന് കണ്ടെത്തുന്നതിനു പുറമെ, പ്രത്യേക ഫയലുകൾക്കായി നിർദിഷ്ട ചാറ്റുകളിൽ തിരയാനും കഴിയും.
ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ഫോണുകളിലേക്കാണ് നിലവിൽ ഈ സവിശേഷത പരീക്ഷണാർഥം നൽകിയിരിക്കുന്നതെന്ന് വാബീറ്റാഇൻഫോ റിപ്പോർട്ട് പറയുന്നു.
നേരത്തെ ആൻഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ് ബീറ്റ പതിപ്പിൽ വെളിപ്പെടുത്തിയ എക്‌സ്‌പൈറിംഗ് മീഡിയ എന്ന ഫീച്ചർ മുഴുവൻ ഫോണുകളിലേക്കും നൽകാൻ ഒരുങ്ങുകയാണ് കമ്പനി.
നിശ്ചിത സമയത്തിനു ശേഷം അപ്രത്യക്ഷമാകുന്ന ഫോട്ടോകളും വീഡിയോകളും അയക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ ഫീച്ചർ. ഇങ്ങനെ അയക്കുന്ന ഇമേജുകളും വീഡിയോകളും ജിഫ് ഫയലുകളും സ്വീകർത്താവ് ചാറ്റിൽ നിന്ന് പുറത്തു പോകുന്നതോടെ അപ്രത്യക്ഷമാകും.
ഈ സവിശേഷത ലഭ്യമായിക്കഴിഞ്ഞാൽ സ്വീകർത്താവ് കണ്ടതിനു ശേഷം അപ്രത്യക്ഷമാകേണ്ട മീഡിയാ ഫയൽ അയക്കുമ്പോൾ ഉപയോക്താക്കൾ പുതിയ ബട്ടൺ ടാപ് ചെയ്യണം. ഇതിനായി എത്ര മിനിറ്റിനകം ഫയൽ അപ്രത്യക്ഷമാകണമെന്ന് സമയമൊന്നും ക്രമീകരിക്കേണ്ടതില്ല. സ്വീകർത്താവ് കണ്ടതിനു ശേഷം ചിത്രം പൂർണമായും അപ്രത്യക്ഷമാകും.
മീഡിയ അപ്രത്യക്ഷമായി എന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശം ചാറ്റിൽ പ്രദർശിപ്പിക്കുകയുമില്ല. അതേസമയം, ഫയൽ കണ്ടതിനു ശേഷം അപ്രത്യക്ഷമാകുമെന്ന് സ്വീകർത്താവിനെ അറിയിക്കുന്ന ഒരു ഐക്കൺ മെസേജിൽ കാണിക്കും.