Sorry, you need to enable JavaScript to visit this website.

ബി.ജെ.പിക്ക് ഗുജറാത്തിൽ ശക്തമായ തിരിച്ചടി, ഒരു കോടി നൽകി പാർട്ടിയിലെത്തിച്ച പട്ടേൽ നേതാവ് കൈക്കൂലി വിവരം പുറത്തുവിട്ടു

നരേന്ദ്ര പട്ടേല്‍(ഇടത്ത്) പത്രസമ്മേളനം നടത്തുന്നു. നോട്ടുകെട്ടുകളും കാണാം.

അഹമ്മദാബാദ്- ഗുജറാത്തിൽ പട്ടേൽ സമുദായ നേതാവ് ഹർദിക് പട്ടേൽ ഒരുക്കിയ കെണിയിൽ വീണ് ബി.ജെ.പിയുടെ മുഖംകെട്ടു. ബി.ജെ.പിയിൽ ചേരുന്നതിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്യുകയും പത്തു ലക്ഷം രൂപ നൽകുകയും ചെയ്ത സംഭവം പുറത്തറിഞ്ഞതോടെയാണ് ബി.ജെ.പി പ്രതിരോധത്തിലായത്. ഹർദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടിദാർ അനാമത് ആന്ദോളൻ സമിതിയുടെ കൺവീനർ നരേന്ദ്ര പട്ടേലിനാണ് ബി.ജെ.പി നേതൃത്വം വൻ തുക വാഗ്ദാനം ചെയ്തത്. സംസ്ഥാന മന്ത്രിയടക്കമുള്ള നേതാക്കളാണ് കൈക്കൂലി നൽകാൻ പിന്നിൽ പ്രവർത്തിച്ചതെന്ന് നരേന്ദ്ര പട്ടേൽ വെളിപ്പെടുത്തി. 

ഞായറാഴ്ച്ച വൈകിട്ടാണ് ഹർദിക് പട്ടേലിന്റെ പാർട്ടിയിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതായി നരേന്ദ്ര പട്ടേൽ അറിയിച്ചത്. ഹർദിക് പട്ടേലിന്റെ മുൻ അനുയായി വരുൺ പട്ടേലിനൊപ്പമായിരുന്നു നരേന്ദ്ര പട്ടേലിന്റെ പത്രസമ്മേളനം. കഴിഞ്ഞ ദിവസം ബി.ജെ.പി പാളയത്തിലെത്തിയയാളാണ് വരുൺ പട്ടേൽ. എന്നാൽ അധികം വൈകാതെ പാതി രാത്രിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് തനിക്ക് ബി.ജെ.പി നേതൃത്വം പണം നൽകിയ കാര്യം നരേന്ദ്ര പട്ടേൽ വ്യക്തമാക്കിയത്. വരുൺ പട്ടേൽ വഴിയാണ് പണം ലഭിച്ചതെന്നും ഇദ്ദേഹം അറിയിച്ചു. 
ബി.ജെ.പിയുമായി ഒരു കോടിയുടെ ഇടപാടാണ് വരുൺ പട്ടേൽ വഴി ഉറപ്പിച്ചത്. ഇതിൽ പത്തു ലക്ഷം വരുൺ നൽകുകയും ചെയ്തു. നാളെ വൈകിട്ട് ബാക്കിയുള്ള 90 ലക്ഷം രൂപ കൂടി നൽകാമെന്ന് അറിയിച്ചു. നോട്ടുകെട്ടുകൾ പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ച ശേഷം നരേന്ദ്ര പട്ടേൽ പറഞ്ഞു. റിസർവ് ബാങ്ക് മൊത്തം തരാമെന്ന് പറഞ്ഞാലും ബി.ജെ.പിയിൽ ചേരില്ല. ബി.ജെ.പിയുടെ തനിനിറം പുറത്തുകാണിക്കാനാണ് ഇടപാടുമായി സഹകരിച്ചതെന്നും നരേന്ദ്ര പട്ടേൽ വ്യക്തമാക്കി. 

പട്ടിദാർ അനാമത് ആന്ദോളൻ സമിതി നേതാക്കളായ വരുൺ പട്ടേലും രേശ്മ പട്ടേലും കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയുടെ കൺവീനർമാരിലൊരാളായ നരേന്ദ്ര പട്ടേലും ബി.ജെ.പിയിൽ ചേർന്നതായി പ്രഖ്യാപിച്ചത്. ബി.ജെ.പി ശക്തമായ വെല്ലുവിളി നേരിടുന്ന പട്ടേൽ സമുദായത്തിൽനിന്നുള്ള നേതാക്കൾ പാർട്ടിയിലേക്ക് ഒഴകുന്നുവെന്ന് തെളിയിക്കുന്നതിനും പ്രവർത്തകർക്ക് ആവേശമുണ്ടാക്കാനുമാണ് ബി.ജെ.പി നീക്കം നടത്തിയിരുന്നത്. എന്നാൽ ഇതിന് ശക്തമായ തിരിച്ചടിയാണ് ഉണ്ടായത്. 

കോൺഗ്രസാണ് ആരോപണത്തിന് പിന്നിലെന്നാണ് വരുൺ പട്ടേലിന്റെ വാദം. എന്നാൽ സംഭവത്തെ പറ്റി പ്രതികരിക്കാൻ ബി.ജെ.പി തയ്യാറായിട്ടില്ല. അതേസമയം ഹർദിക് പട്ടേൽ ഒരുക്കിയ കെണയിൽ ബി.ജെ.പി വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെ കോൺഗ്രസ് എം.എൽ.എ മാരെ അടക്കം പണം നൽകി കൂടെക്കൂട്ടാൻ ബി.ജെ.പിക്ക് സാധിച്ചിരുന്നു. രണ്ടു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ ശക്തമായ വെല്ലുവിളിയിയാണ് ബി.ജെ.പി നേരിടുന്നത്.
 

Latest News