യുപിയില്‍ പ്രതിഷേധം കത്തുന്നു; ഹത്‌റസില്‍ നിരോധനാജ്ഞ; രാഹുലും പ്രിയങ്കയും എത്താനിരിക്കെ വഴികളടച്ചു

ഹത്‌റസ്- ദളിത് പെണ്‍കുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തു കൊല്ലുകയും മൃതദേഹം കുടുംബത്തിനു വിട്ടു നല്‍കാതെ പോലീസ് സംസ്‌ക്കരിക്കുകയും ചെയ്ത സംഭവത്തില്‍ ഉത്തര്‍ പ്രദേശിലൂടനീളം പ്രതിഷേധം കത്തിപ്പടരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് മാധ്യമങ്ങളെ പോലീസും അധികൃതരും കടത്തിവിടുന്നില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. അതിനിടെ കോവിഡ് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഹത്‌റസില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടുകൂടുന്നതും സംഘടിക്കുന്നതും തടഞ്ഞു. പ്രധാന പാതകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു വഴി തടഞ്ഞു. ഹത്‌റസിലേക്കുള്ള വഴികളും അടച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍  ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പുറപ്പെട്ടിട്ടുണ്ട്. ഇവരുടെ വരവിനു മുന്നോടിയായാണ് വഴികള്‍ അടച്ചിരിക്കുന്നത്.

ആഴ്ചകള്‍ക്കു മുമ്പ് ക്രൂര ലൈംഗിക പീഡനത്തിനും മാരകമായ മര്‍ദനത്തിനുമിരയായ പെണ്‍കുട്ടി ദല്‍ഹിയിലെ ആശുപത്രിയിലാണ് മരിച്ചത്. ഇവിടെ നിന്നും മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കാതെ യുപി പോലീസ് തട്ടിയെടുത്ത് ഹത്‌റസിലെത്തിക്കുകയും കുടുംബത്തെ വീട്ടില്‍ അടച്ചിട്ട ശേഷം ബുധനാഴ്ച പുലര്‍ച്ചെ പോലീസ് സംഘം തന്നെ 2.30ന് സംസ്‌ക്കരിക്കുകയുമായിരുന്നു. ഈ ക്രൂരതയ്‌ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്.
 

Latest News