Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ഒക്ടോബര്‍ 31 വരെ തുടരും

ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപന  പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള നിയന്ത്രണം ഒക്ടോബര്‍ 31 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. അണ്‍ലോക്ക് 5 പ്രകാരം ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ഡിജിസിഎയുടെ ഭാഗത്ത് നിന്നുള്ള പ്രഖ്യാപനവും വന്നത്. ആഭ്യന്തരമന്ത്രാലയം ഇളവ് നല്‍കിയിരിക്കുന്ന വിമാന സര്‍വ്വീസുകള്‍ക്ക് മാത്രമാവും ഈ ഘട്ടത്തിലും പ്രവര്‍ത്തനാനുമതിയുണ്ടാകുക.
അന്താരാഷ്ട്ര കാര്‍ഗോ ഓപ്പറേഷനുകളുടെയും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച ഫ്‌ളൈറ്റുകളുടെയും പ്രവര്‍ത്തനത്തെ സസ്‌പെന്‍ഷന്‍ ബാധിക്കില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ ക്രമേണ യാത്രകള്‍ വര്‍ധിപ്പിക്കുന്നതിനായി ഡിജിസിഎ 'ട്രാന്‍സ്‌പോര്‍ട്ട് ബബിള്‍' കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഭൂട്ടാന്‍, കെനിയ എന്നിവയുള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളെ ഇന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ചേര്‍ത്തിരുന്നു. അമേരിക്ക, യുനൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, കാനഡ, ഇറാഖ്, ജപ്പാന്‍, മാലിദ്വീപ്, നൈജീരിയ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളുമായി സമാനമായ എയര്‍ ബബിള്‍ ക്രമീകരണങ്ങള്‍ ഇന്ത്യയ്ക്ക് നിലവിലൂണ്ട്. കൊറോണ വൈറസ് വ്യാപനം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മാര്‍ച്ച് 23 മുതലായിരുന്നു അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങളുടെ പ്രവര്‍ത്തനം ഇന്ത്യ നിര്‍ത്തിവെച്ചത്. പിന്നീട് രണ്ട് മാസങ്ങള്‍ക്ക് ശേഷം ആഭ്യന്തര യാത്രാ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുകയുണ്ടായി.
 

Latest News