ടോക്കിയോ- ജപ്പാൻ ദേശീയ തെരഞ്ഞെടുപ്പിൽ ഭരണസഖ്യം വീണ്ടും അധികാരത്തിലേക്ക്. പ്രധാനമന്ത്രി ഷിൻസോ ആബെ വീണ്ടും ഭരണത്തിൽ തിരിച്ചെത്തുമെന്നുറപ്പായി. അടുത്ത സെപ്റ്റംബറിൽ നടക്കുന്ന പാർട്ടി തെരഞ്ഞെടുപ്പിലും ആബെക്ക് ഇതോടെ വിജയം ഉറപ്പിക്കാം.
അഞ്ചു വർഷമായി അധികാരത്തിലുള്ള ആബെയുടെ പ്രതിച്ഛായക്ക് സമീപകാലത്തായി ഏറെ മങ്ങലേറ്റിരുന്നു. സ്വജനപക്ഷപാതം സംബന്ധിച്ച നിരവധി ആരോപണങ്ങൾ അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെടുകയും ചെയ്തു. ഇതേത്തുടർന്നാണ് പാർലമെന്റിന്റെ അധോസഭ പിരിച്ചുവിടാൻ അദ്ദേ ഹം തീരുമാനിച്ചത്. ഇതാണ് ഇപ്പോഴത്തെ ഇടക്കാല തെരഞ്ഞെടുപ്പിന് ഇടയാക്കിയത്.
അടുത്ത സെപ്റ്റംബറിൽ നടക്കുന്ന ആബെയുടെ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കാൻ ഈ തെരഞ്ഞെടുപ്പ് വിജയം അദ്ദേഹത്തെ സഹായിക്കും. അതോടെ 2021 വരെ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാനും സാധിക്കും.
തന്റെ നയങ്ങൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ആബെ പ്രതികരിച്ചു. ഈ രാഷ്ട്രീയ നേതൃത്വം തുടരണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നു. സർക്കാരിന്റെ നയങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നും ശക്തമായ രാഷ്ട്രീയ അടിത്തറ ഉണ്ടാകണമെന്നുമുള്ള ജനങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഈ വിജയമെന്നും അദ്ദേ ഹം പറഞ്ഞു.
ജപ്പാൻ ഭരണഘടന തിരുത്തിയെഴുതാനുള്ള ആബെയുടെ നീക്കങ്ങൾക്കും ഈ വിജയം ശക്തിപകരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഉത്തരകൊറിയക്കെതിരായ കടുത്ത നയം, പ്രതിരോധ രംഗത്തടക്കം അമേരിക്കയുമായി അടുത്ത ബന്ധം, ആണവോർജത്തിനായുള്ള നീക്കം തുടങ്ങിയ തന്റെ നയങ്ങൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനും ഈ വിജയം ആബെയെ പ്രാപ്തനാക്കും. ആബെയുടെ എൽ.ഡി.പിയും സഖ്യകക്ഷിയായ കൊമൈറ്റോയും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനുള്ള സാധ്യതയും ജപ്പാനീസ് മാധ്യമങ്ങൾ തള്ളുന്നില്ല. അനൗദ്യോഗിക ഫലങ്ങളനുസരിച്ച് 465 അംഗ സഭയിൽ 264 സീറ്റുകൾ ഇതുവരെ ആബെ സഖ്യം നേടിയിട്ടുണ്ട്. മറ്റ് പാർട്ടികൾ 109 സീറ്റുകളും. ഇന്നാണ് അന്തിമ ഫലങ്ങൾ പുറത്തുവരിക.