ചെന്നൈ- ജി.എസ്.ടിയേയും കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയേയും വിമര്‍ശിച്ചതിലൂടെ വിവാദത്തിലായ തമിഴ് ചിത്രം മെര്‍സലിന്റെ വ്യാജ പതിപ്പ് കണ്ടവരില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയും. തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എച്ച്.രാജ താന്‍ ഇന്റര്‍നെറ്റില്‍ ചിത്രം കണ്ട കാര്യം വെളിപ്പെടുത്തിയത്.
വ്യാജപതിപ്പുകള്‍ കണ്ടു എന്ന് പറയുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നും നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ പ്രതികരിച്ചു. ഇക്കാര്യം വിളിച്ചു പറയാന്‍ നാണമില്ലേ എന്നും വിശാല്‍ ചോദിച്ചു. എന്നാല്‍, വാട്‌സാപില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ ഭാഗങ്ങള്‍ കണ്ടുവെന്നാണ് താന്‍ പറഞ്ഞതെന്ന് എച്ച്.രാജ പിന്നീട് തിരുത്തി.
ആറ്റ്‌ലീ സംവിധാനം ചെയ്ത വിജയ് ചിത്രമാണ് മെര്‍സല്‍. ഇതില്‍നിന്ന് ജി.എസ്.ടിക്കെതിരായ എതിരായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും സംഘ്പരിവാറും രംഗത്തുണ്ട്. സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കേണ്ട കാര്യമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. രംഗങ്ങള്‍ ഒഴിവാക്കുകയോ ബീപ് ശബ്ദം ഇടുകയോ ചെയ്യില്ലെന്ന് മെര്‍സലിന്റെ നിര്‍മാതാക്കളിലൊരാളായ ഹേമ രുക്മിണിയും പറഞ്ഞു. മെര്‍സലിനെതിരെ വാളെടുക്കുന്ന ബി.ജെ.പി നിലപാടിനെതിരെ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഡി.എം.കെയും രംഗത്തുവന്നിരുന്നു.