മുംബൈ- മുതിര്‍ന്ന ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് എംപിയും മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവന്ദ്ര ഫഡ്‌നാവിസും ഹോട്ടലില്‍ രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കിടയാക്കി. കൂടിക്കാഴ്ചക്ക് രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ ഒരു നക്ഷത്ര ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഇരുപാര്‍ട്ടികളും സഖ്യം ഉപേക്ഷിച്ചതിനു ശേഷം ഇരുവര്‍ക്കുമിടയില്‍ കടുത്ത വാക്ക്‌പോര് നടന്നിരുന്നു. ഏറ്റവുമൊടുവില്‍ നടന്‍ സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ടും നടി കങ്കണ റണൗതിന്റെ ഓഫീസ് തകര്‍ത്തിനെ ചൊല്ലിയും ഇരുവരും പോരടിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് ഇരുപാര്‍ട്ടികളും അകന്നതിനു ശേഷം ഇരുനേതാക്കളും തമ്മില്‍ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണ് ശനിയാഴ്ച നടന്നത്.
തന്റെ ചുമതലയിലുള്ള പാര്‍ട്ടി മുഖപത്രമായ സാംനയ്ക്കു വേണ്ടി അഭിമുഖം നടത്തുന്നതിനാണ് ഫഡ്‌നാവിസിനെ കണ്ടതെന്നും ഇക്കാര്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയുമെന്നും സഞ്ജയ് പ്രതികരിച്ചു. 'ദേവേന്ദ്ര ഫഡ്‌നാവിസ് ഞങ്ങളുടെ ശത്രുവല്ല. അദ്ദേഹവുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതൊരു മുന്‍കൂട്ടി തീരുമാനിച്ച കൂടിക്കാഴ്ചയായിരുന്നു. ഫഡ്‌നാവിസ് പ്രതിപക്ഷ നേതാവാണ്, അദ്ദേഹത്തെ കാണുന്നത് കുറ്റമല്ല. തമ്മില്‍ ഭിന്നതകളുണ്ടെങ്കിലും ശത്രുവല്ല' അദ്ദേഹം പറഞ്ഞു.
എന്‍സിപി നേതാവ് ശരദ പവാറിനെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ഫഡ്‌നാവിസിനേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഇന്റര്‍വ്യൂ ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.