ഹൈദരാബാദ്- ജാതി വേര്‍ത്തിരിവില്ലാതെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്ത യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ വാടക ഗുണ്ടകളുടെ സഹായത്തോടെ കൊലപ്പെടുത്തി. പെയ്ന്റിങ് ജോലിക്കാരനായ ചിന്ത യോഗ ഹേമന്ദ് എന്ന 28കാരനെയാണ് നഗരത്തിലെ ഐടി കേന്ദ്രമായ ഗച്ചിബൗളിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ഓടുന്ന കാറിലിട്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. വ്യവസായിയുടെ മകളും ബിടെക്ക് ബിരുദധാരിയുമായ ജി അവന്തി റെഡ്ഢിയുമായി പ്രണയത്തിലായിരുന്ന ഹേമന്ദ്. ഇരുവരും ജൂണ്‍ 11നാണ് ഒളിച്ചോടി പോയി വിവാഹം ചെയ്തത്. ഇതോടെ അവന്തിയുടെ ബന്ധുക്കള്‍ ഇവരുമായി എല്ലാ ബന്ധവും വേര്‍പ്പെടുത്തിയിരുന്നു. കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് പ്രതികാരം ചെയ്യാനാണ് അവന്തിയുടെ ബന്ധുക്കള്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തി ഹേമന്ദിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഹൈദരാബാദില്‍ നിരവധി വാണിജ്യ കേന്ദ്രങ്ങള്‍ സ്വന്തമായുള്ള വ്യവസായിയാണ് അവന്തിയുടെ അച്ഛന്. ഇതര ജാതിക്കാരനായ ഹേമന്ദ് ചെറുകിട പെയ്ന്റിങ് ജോലിക്കാരനായിരുന്നു.
്അവന്തിയും ഹേമന്ദും താമസിക്കുന്ന ഗച്ചിബൗളിയിലെ വീട്ടില്‍ അവന്തിയുടെ രണ്ടു അമ്മാവന്മാരും മറ്റു ബന്ധുക്കളും മുന്നറിയിപ്പില്ലാതെ
വ്യാഴാഴ്ച എത്തിയിരുന്നു. അപകടണം മണത്ത ഹേമന്ദ് ഇക്കാര്യം തന്റെ കുടുംബത്തെയും സുഹൃത്തുക്കളേയും അറിയിച്ചു. ഇതിനിടെ ഇരുവരേയും അവന്തിയുടെ ബന്ധുക്കള്‍ പിടികൂടി കാറില്‍ കയറ്റി കൊണ്ടു പോയി. മൂന്നു കാറുകളിലാണ് സംഘം പോയത്. വിവരമറിഞ്ഞ് ഹേമന്ദിന്റെ ബന്ധുക്കള്‍ എത്തുകയും കാറില്‍ ഇവരെ പിന്തുടരുകയും ചെയ്തെങ്കിലും പരാജയപ്പെട്ടെന്ന് ഹേമന്ദിന്റെ അച്ഛന് മുരളി കൃഷ്ണ പറഞ്ഞു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച രാത്രി തന്നെ അവന്തിയുടെ അമ്മാവന് യുഗേന്ദര്‍ റെഡ്ഢിയും മറ്റു പ്രതികളും അറസ്റ്റിലായി. ഹേമന്ദിനെ കഴുഞ്ഞ് ഞെരിച്ചു കൊലപ്പെടുത്തി ആളൊഴിഞ്ഞ പറമ്പില്‍ തള്ളിയെന്ന് പ്രതികള്‍ കുറ്റം സമ്മതിച്ചു. മൃതദേഹം പിന്നീട് കണ്ടെടുത്തു. കേസില്‍ ഇതുവരെ വാടക ഗുണ്ടകളും അവന്തിയുടെ മതാപിതാക്കള്‍ അടക്കമുളഅള ബന്ധുക്കളും ഉള്‍പ്പെടെ 14 പേരെ അറസ്റ്റ് ചെയ്തു. നാലു പേരെ പിടികിട്ടാനുണ്ട്.