ചെന്നൈ- കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ, ജി.എസ്.ടി എന്നിവയെ വിമര്‍ശിച്ചതിന്റെ പേരില്‍ സംഘ്പരിവാര്‍ ഭീഷണി നേരിടുന്ന വിജയ് ചിത്രം മെര്‍സലിലെ വിവാദത്തിന് കാരണമായ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അതിനിടെ, ബി.ജെ.പി വാളെടുക്കുന്ന വിജയ് ചിത്രമായ മെര്‍സലിനു പിന്തുണയുമായി കൂടുതല്‍ സിനിമാ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത്. കമല്‍ഹാസനും പാ രഞ്ജിത്തും അടക്കമുള്ളവര്‍ സിനിമക്കെതിരായ നീക്കത്തെ അപലപിച്ചു. രാജ്യം ഉത്തര കൊറിയ ആണെന്നാണോ ബി.ജെ.പി കരുതുന്നതെന്ന് ഡി.എം.കെ വക്താവ് ചോദിച്ചു.
മെര്‍സല്‍ എന്ന പേരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മറികടന്നാണ് ചിത്രം ദീപാവലിക്കു തിയറ്ററുകളിലെത്തിയത്. എന്നാല്‍ റിലീസിനുശേഷം ചിത്രത്തിലെ സംഭാഷണങ്ങളാണു വിവാദത്തിന് കാരണമായത്. ജി.എസ്.ടിയേയും കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയേയും മോശമായി ചിത്രീകരിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഏഴ് ശതമാനം ജി.എസ്.ടി ഈടാക്കുന്ന സിങ്കപ്പൂരില്‍ ചികിത്സ സൗജന്യമാണെന്നും 28 ശതമാനം ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ അതില്ലെന്നും സിനിമയില്‍ വിജയിന്റെ കഥാപാത്രം പറയുന്നു.
ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണ് നേരിടേണ്ടതെന്നും കമല്‍ഹാസന്‍ പറഞ്ഞു. അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു. വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്ന് പറഞ്ഞ് സംവിധായകന്‍ പാ രഞ്ജിത്തും പിന്തുണയുമായെത്തി.
അതിനിടെ ആശുപത്രി മാഫിയയുടെ കഥ പറയുന്ന ചിത്രത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തുണ്ട്.