പാനിപ്പത്ത്- ഹരിയാനയിലെ പാനിപ്പത്തില്‍ ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്ന കേസില്‍ പ്രതി പിടിയില്‍. മൂന്നു പേരെയും കൊന്നതിനു ശേഷം പ്രതി മൃതദേഹങ്ങളില്‍ ലൈംഗിക വൈകൃതം കാണിച്ചിരുന്നു എന്നും പോലീസ് കണ്ടെത്തി.
സംഭവത്തില്‍ നൂര്‍ ഹസ്സന്‍ എന്ന ആളാണ് പിടിയിലായത്. സെപ്റ്റംബര്‍ ആറ്, എട്ട് ദിവസങ്ങളിലായിരുന്നു മൂന്നു പേരുടെയും ദുരൂഹ മരണം. പാനിപ്പത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് സെപ്റ്റംബര്‍ 11ന് പാനിപ്പത്ത് ഡിഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
കൂര്‍ത്ത മുനയോടു കൂടിയ ആയുധം ഉപയോഗിച്ചാണ് പ്രതി ഭാര്യയേയും ഭാര്യ സഹോദരിയേയും കൊലപ്പെടുത്തിയത്. പിന്നീട് ഭാര്യാമാതാവിനെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ മൃതദേഹം ഉപേക്ഷിക്കും മുന്‍പ് കത്തിച്ച് വികൃതമാക്കുവാനും ഇയാള്‍ ശ്രമിച്ചിരുന്നു .
ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് പ്രതിയെ ഇത്തരം ഒരു ക്രൂരതക്ക് പ്രേരിപ്പിച്ചത്. ഭാര്യവീട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും ഇയാള്‍ സംശയിച്ചിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി . കൂടാതെ ഇയാള്‍ക്കെതിരെ ഐപിസി 302 കൊലപാതകം, ഐപിസി 201 തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു .