ന്യൂദല്‍ഹി- ലോക്ഡൗണ്‍ കാരണം അപ്രതീക്ഷിതമായി മുടങ്ങിയ രാജ്യാന്തര വിമാന യാത്രാ ടിക്കറ്റ് തുക യാത്രക്കാര്‍ക്ക് മടക്കി നല്‍കുന്നതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിശദീകരണം. ഇന്ത്യയില്‍ നിന്ന് വിദേശങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ പണം മാത്രമെ മടക്കി നല്‍കൂവെന്നും വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റുകളുടെ പണം തിരികെ നല്‍കില്ലെന്നും ഡിജിസിഎ സുപ്രീം കോടതിക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റുകള്‍ ഇന്ത്യന്‍ വിമാന കമ്പനികളും വിദേശ വിമാന കമ്പനികളും മടക്കി നല്‍കേണ്ടതില്ല.
അപ്രതീക്ഷിതമായി യാത്ര മുടങ്ങിയതില്‍ പ്രസായം നേരിടുന്ന രാജ്യാന്തര യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിശദീകരണം. യാത്ര മുടങ്ങിയ രാജ്യാന്തര യാത്രക്കാരുടെ ടിക്കറ്റ് പണം മടക്കി നല്‍കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഒരു പദ്ധതി കോടതിയില്‍ മുമ്പാകെ സമര്‍പ്പിച്ചിരുന്നു. ഈ പദ്ധതി സംബന്ധിച്ച് ഹര്‍ജിക്കാരും ട്രാവല്‍ ഏജന്റുമാരും ഉന്നയിക്കുന്ന ആശങ്കകള്‍ക്ക് മറുപടി നല്‍കണമെന്ന് ബുധനാഴ്ച ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ആദ്യഘട്ട ലോക്ഡൗണ്‍ കാലമായ മാര്‍ച്ച് 25നും ഏപ്രില്‍ 14നുമിടയില്‍ ബുക്ക് ചെയ്ത രാജ്യാന്തര യാത്രാ ടിക്കറ്റുകള്‍ ഉടന്‍ മടക്കി നല്‍കാമെന്നാണ് കേന്ദ്രം മുന്നോട്ടുവച്ച നിര്‍ദേശം. മാര്‍ച്ച് 25നു മുമ്പ് ബുക്ക് ചെയ്ത മേയ് 24 വരേയുള്ള ടിക്കറ്റുകളുടെ പണം 15 ദിവസത്തിനകം തിരിച്ചു നല്‍കാന്‍ വിമാന കമ്പനികള്‍ ബാധ്യസ്ഥരാണ്. കമ്പനികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കില്‍ ഇത് യാത്രക്കാരനു തിരിച്ചു നല്‍കാനുള്ള കടമായി സൂക്ഷിക്കാമെന്നും ഈ പണമുപയോഗിച്ച് യാത്രക്കാരന് 2021 മാര്‍ച്ച് 31നു മുമ്പായി ഏതു റൂട്ടിലേക്കും മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതി. ഈ തുകയ്ക്ക് 2020 ജൂണ്‍ വരെ 0.5 ശതമാനവും അതിനു ശേഷം 0.75 ശതമാനവും പലിശയും നല്‍കണം. ഈ കാലയളവില്‍ മറ്റൊരു ടിക്കറ്റ് എടുത്തില്ലെങ്കിലും യാത്രക്കാരന് പണമായി തിരിച്ചു നല്‍കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് സുപ്രീം കോടതി അന്തിമ തീരുമാനം പറഞ്ഞിട്ടില്ല.
ലോക്ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങിയ പല ഇന്ത്യക്കാരും അവരുടെ ബന്ധുക്കള്‍ മുഖേന ഇന്ത്യയില്‍ നിന്നാണ് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നത്. അതുകൊണ്ട് ഈ പദ്ധതി ഈ വിദേശ ഇന്ത്യക്കാരുടെ അവസ്ഥ പരിഗണിക്കുന്നില്ലെന്ന് പ്രവാസി ലീഗല്‍ സെല്ലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ജോസ് അബ്രഹാം കോടതിയെ ഉണര്‍ത്തി. എന്നാല്‍ ഇതിന് പ്രതികൂലമായാണ് സുപ്രീം കോടതി മറുപടി പറഞ്ഞത്. ഡിജിസിഎയുടെ നിയന്ത്രണാധികാര പരിധിയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് പുറപ്പെടാനിരിക്കുന്ന രാജ്യാന്തര വിമാനങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ വിമാനങ്ങള്‍, അത് ഇന്ത്യന്‍ വിമാനങ്ങള്‍ ആയാലും അതതു രാജ്യങ്ങളിലെ ഏജന്‍സികളുടെ അധികാരപരിധിയിലാണ് വരുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.