ന്യൂദൽഹി- പ്രമുഖ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വെന്റിലേറ്ററിന്റെ പൂർണ്ണസഹായത്തോടെയാണ് എസ്.പി.ബിയുടെ ജീവൻ നിലനിർത്തുന്നത്. ചെന്നൈയിലെ എം.ജി.എം ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്.പി.ബി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെപ്തംബർ എട്ടിന് കോവിഡ് ഭേദമായെങ്കിലും മറ്റു രോഗങ്ങൾ പിടിമുറുക്കി. കഴിഞ്ഞ കുറച്ചുദിവസമായി രോഗം പൂർണമായും ഭേദമാകുന്നുവെന്ന തോന്നലുണ്ടായെങ്കിലും അപ്രതീക്ഷിതമായാണ് വീണ്ടും ഗുരുതരാവസ്ഥയിലായത്.