Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് അന്തരിച്ചു

മുംബൈ- ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഡീൻ ജോൺസ് ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിൽ അന്തരിച്ചു. 59 വയസ്സായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗുമായി (ഐ.പി.എൽ) ബന്ധപ്പെട്ട് സ്റ്റാർ സ്‌പോർട്‌സിന്റെ കമന്റേറ്റർമാരുടെ സംഘത്തിൽ അംഗമായിരുന്നു. ബയോ സെക്യുർ ബബ്ൾ സംവിധാനത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ കഴിയുമ്പോഴാണ് അന്ത്യം. 'ഡീൻ മെർവിൻ ജോൺസ് അന്തരിച്ച വിവരം ഏറ്റവും വേദനയോടെ എല്ലാവരെയും അറിയിക്കുന്നുവെന്ന് സ്റ്റാർ സ്‌പോർട്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി. 
ഓസ്‌ട്രേലിയയിലെ മെൽബണിൽ ജനിച്ച ഡീൻ ജോൺസ്, 52 ടെസ്റ്റുകളും 164 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1984 മുതൽ 1994 വരെ രാജ്യാന്തര ക്രിക്കറ്റിലെ സജീവസാന്നിധ്യമായിരുന്നു. 1984 ജനുവരി 30ന് അഡ്‌ലെയ്ഡിൽ പാക്കിസ്ഥാനെതിരായ ഏകദിനത്തിലൂടെയായിരുന്നു രാജ്യാന്തര അരങ്ങേറ്റം. ഇതേ വർഷം മാർച്ചിൽ വെസ്റ്റിൻഡീസിനെതിരെ പോർട്ട് ഓഫ് സ്‌പെയിനിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. 1994 ഏപ്രിൽ ആറിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണിൽ നടന്ന ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിടവാങ്ങി. 1992 സെപ്റ്റംബറിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്.

ടെസ്റ്റിൽ 89 ഇന്നിങ്‌സുകളിൽനിന്ന് 46.55 ശരാശരിയിൽ 3631 റൺസ് നേടി. ഇതിൽ 11 സെഞ്ചുറികളും 14 അർധസെഞ്ചുറികളും നേടി. 216 റൺസാണ് ഉയർന്ന സ്‌കോർ. 34 ക്യാച്ചുകളും സ്വന്തമാക്കി. ഏകദിനത്തിൽ 161 ഇന്നിങ്‌സുകളിൽനിന്ന് 44.61 ശരാശരിയിൽ 6068 റൺസ് നേടി. ഇതിൽ ഏഴു സെഞ്ചുറികളും 46 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 145 റൺസാണ് ഉയർന്ന സ്‌കോർ. 54 ക്യാച്ചുകളും സ്വന്തമാക്കി.
 

Latest News