ന്യൂദല്‍ഹി- എട്ടു രാജ്യസഭാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌ക്കരിച്ചു വരുന്നതിനിടെ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രാജ്യസഭയില്‍ പാസാക്കിയത് 15 ബില്ലുകള്‍. ചൊവ്വാഴ്ച ഏഴും ബുധനാഴ്ച എട്ടു ബില്ലുകളാണ് പ്രതിപക്ഷ സാന്നിധ്യമില്ലാതെ പാസാക്കിയത്. ഇവയില്‍ മൂന്നു ബില്ലുകള്‍ ആര്‍എസ്എസ് ബന്ധമുള്ള സംഘടനകളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പുകള്‍ നേരിടുന്ന തൊഴില്‍ നിയമങ്ങളിലെ പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ടവയാണ്. ഞായറാഴ്ച നടന്ന വിവാദ കാര്‍ഷിക ബില്ലുകളിന്മേലുള്ള ചര്‍ച്ചകള്‍ക്കിടെ രാജ്യസഭ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ബില്ലില്‍ വോട്ടെടുപ്പു വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് സിങ് തള്ളിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ച് ബഹളംവച്ചത്. തുടര്‍ന്നാണ് എട്ട് പ്രതിപക്ഷം എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഈ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഇരുസഭകളും ബഹിഷ്‌ക്കരിക്കുകയായിരുന്നു. രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
പ്രതിപക്ഷ എംപിമാര്‍ ബുധനാഴ്ച പാര്‍ലമെന്റ് വളപ്പിലെ അംബേദ്കര്‍ പ്രതിമയ്ക്കു സമീപത്തു നിന്നും ഗാന്ധി പ്രതിമ വരെ മാര്‍ച്ച് നടത്തി.