Sorry, you need to enable JavaScript to visit this website.

അരുണാചലിൽ തദ്ദേശീയ മതം പ്രോത്സാഹിപ്പിക്കുന്ന ബിജെപി സർക്കാരിനെതിരെ ക്രിസ്ത്യൻ വിശ്വാസികൾ രംഗത്ത്

അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു

ഇറ്റാനഗർ-അരുണാചൽ പ്രദേശിൽ തദ്ദേശീയ വിശ്വാസത്തേയും സംസ്‌കാരത്തേയും പ്രോത്സാഹിപ്പിക്കാൻ രണ്ടു മാസം മുമ്പ് ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രത്യേക വകുപ്പ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെ ആശങ്കകളുമായി ക്രിസ്ത്യൻ വിശ്വാസികൾ രംഗത്തെത്തി. ഒരു പ്രത്യേക മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് അരുണാചൽ ക്രിസ്ത്യൻ ഫോറം (എസിഎഫ്) ആവശ്യപ്പെട്ടു. 'ഭരണഘടനയുടെ 27ാം അനുച്ഛേദം ലംഘിച്ചു കൊണ്ടാണ് ബിജെപി സർക്കാർ ഒരു പ്രത്യേക മതത്തോട് മാത്രം അനുകൂല സമീപനം കൈക്കൊള്ളുന്നത്. നമ്മുടേത് മതേതര രാജ്യമാണ്. നികുതി ദായകരുടെ പണം ഉപയോഗിച്ച് സർക്കാരിന് ഒരു പ്രത്യേക മതത്തെ മാത്രം പ്രോത്സാഹിപ്പിക്കാൻ കഴിയില്ല,'  എസിഎഫ് ജനറൽ സെക്രട്ടറി ടൊക്കോ ടെകി പറഞ്ഞു.

ബിജെപി സർക്കാരിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പെമ ഖണ്ഡുവിന് ഇക്കാര്യം ചൂണ്ടിക്കാട്ടി എസിഎഫ് നിവേദനം നൽകിയിട്ടുണ്ട്. ഈ മാസം 25നകം ഇതു സംബന്ധിച്ച് സർക്കാർ നിലപാട് സ്വീകരിച്ചിരിക്കണമെന്ന മുന്നറിയിപ്പും എസിഎഫ് നൽകുന്നു. 'സർക്കാരിൽ നിന്ന് അനുകൂലമായ സമീപനമല്ല ഉണ്ടാകുന്നത് എങ്കിൽ ഞങ്ങൾ സമാധാനപരമായി തന്നെ പ്രതിഷേധ പരമ്പരകൾക്ക് തുടക്കമിടും. നേരത്തെ ഒക്ടോബർ 13നകം നിലപാടറിയിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു,' ടൊക്കോ പറഞ്ഞു.

ബാഹ്യ ഇടപെടലുകളും ആഗോളവൽക്കരണവും കാരണം തദ്ദേശീയ വിശ്വാസവും സമ്പന്നമായ സംസ്‌കാരവും തദ്ദേശീയ ജനവിഭാഗങ്ങളിൽ നിന്ന് അകന്നു പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഓഗസ്റ്റ് 11ന് തദ്ദേശീയ വിശ്വാസ, സംസ്‌കാര സംരക്ഷണ വകുപ്പിന് സർക്കാർ രൂപം നൽകിയത്. വിശ്വാസവും സംസ്‌കാരവും അപ്രത്യക്ഷമാകുന്നതിൽ നിന്നും സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ വകുപ്പ് മറ്റൊരു മതങ്ങൾക്കും എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

എന്നാൽ സെപ്തംബർ 20ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത് തദ്ദേശീയ വിശ്വാസങ്ങളായ ദോൻയി പോളോയിസം, അമിക് മാതയിസം, നാനി ഇന്റയയിസം, ന്യേസി നോയിസം, റങ്‌റഫായിസം തുടങ്ങിയ വിശ്വാസങ്ങൾ പിന്തുടരുന്നവരുടെ സംരക്ഷണത്തിനാണ് ഈ വകുപ്പു പ്രവർത്തിക്കുന്നത് എന്നാണ്. ഇവർക്ക് ആരാധാനാലയങ്ങൾ പണിയാനും പരിപാലിക്കാനും പുരോഹിതർക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനും ഈ വകുപ്പ് പണം ചെലഴിക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ചർച്ചുകളുടെ മേൽനോട്ടക്കാരായ എസിഎഫ് ആരോപിക്കുന്നത് ഇത് വിവേചനമാണെന്നാണ്. സർക്കാർ മത കാര്യങ്ങളിൽ ഇടപെടരുതെന്നും എല്ലാ മതങ്ങൾക്കും തുല്യപരിഗണന നൽകണമെന്നും അവർ ആവശ്യപ്പെടുന്നു. 'രാജ്യത്തിന്റെ മതേതര സ്വഭാവം സർക്കാർ കാത്തു സൂക്ഷിക്കണം. വിവേചനപരവും അനൈക്യമുണ്ടാക്കുന്നതുമായി ഈ തീരുമാനം സർക്കാർ പിൻവലിക്കണം,' എസിഎഫ് ആവശ്യപ്പെട്ടു.
 

Latest News