Sorry, you need to enable JavaScript to visit this website.

തബ്‌ലീഗ് പരിപാടി 'അനേകം' പേര്‍ക്കിടയില്‍ കോവിഡ് പടരാന്‍ കാരണമായെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍

ന്യൂദല്‍ഹി- മാര്‍ച്ചില്‍ ദല്‍ഹിയില്‍ നടന്ന തബലീഗ് ജമാഅത്ത് പരിപാടിയും 'അനേകം വ്യക്തികള്‍ക്കിടയില്‍' കൊറോണ വൈറസ് പടരാന്‍ കാരണമായെന്ന് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറഞ്ഞു. 'ദല്‍ഹി പോലീസ് റിപോര്‍ട്ട് പ്രകാരം, കോവിഡ് പശ്ചാത്തലത്തില്‍ അധികൃതരുടെ മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവുകളുമുണ്ടായിട്ടും വലിയൊരു പറ്റം ആളുകള്‍ സമൂഹിക അകലം പാലിക്കാതേയും മാസ്‌കും സാനിറ്റൈസരും ഉപയോഗിക്കാതെയും ഒരു അടച്ചിട്ട കെട്ടിടത്തില്‍ ദിവസങ്ങളോളം ഒത്തുചേര്‍ന്നു. ഇതും കോവിഡ് അനേകം പേര്‍ക്കിടയില്‍ കോവിഡ് പടരാന്‍ കാരണമായി,' ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഢി രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു. ഈ പരിപാടി ദല്‍ഹിയിലും മറ്റു സംസ്ഥാനങ്ങളിലും കോവിഡ് പടരാന്‍ വലിയ കാരണമായിട്ടുണ്ടോ എന്ന ശിവസേന എംപി അനില്‍ ദേശായിയുടെ ചോദ്യത്തിനുള്ള മന്ത്രിയുടെ മറുപടിയായിരുന്നു ഇത്. ഈ പരിപാടിയില്‍ എത്ര പേര്‍ പങ്കെടുത്തുവെന്നും എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും ദേശായി ചോദിച്ചിരുന്നു. 233 തബ്‌ലീഗുകാരെ അറസ്റ്റ് ചെയ്‌തെന്ന് മന്ത്രി മറുപടി നല്‍കി. തബ്‌ലീഗ് അധ്യക്ഷന്‍ മൗലാന മുഹമ്മദ് സഅദിന്റെ കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

തബ്‌ലീഗ് പരിപാടിയില്‍ പങ്കെടുത്തതിന് കേസെടുത്ത ദല്‍ഹി പോലീസ് 956 വിദേശ പൗരന്മാര്‍ക്കെതിരെ 59 കുറ്റപത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരുടെ വീസ കേന്ദ്രം റദ്ദാക്കുകയും ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ടൂറിസ്റ്റ് വീസയിലെത്തി മതചടങ്ങില്‍ പങ്കെടുത്തതിനായിരുന്നു നടപടി. 


 

Latest News