കൊച്ചി-മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ഫാമിലി ത്രില്ലറായ ദൃശ്യത്തിന്റെ രണ്ടാം പതിപ്പിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ പൂജ തിങ്കളാഴ്ച രാവിലെ പൂര്‍ത്തിയായി.
ദൃശ്യത്തിന്റെ ആദ്യഘട്ട ഷൂട്ടിംഗ് കൊച്ചിയിലും രണ്ടാം ഘട്ടം തൊടുപുഴയിലുമാണ് തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണമായും ഇന്‍ഡോര്‍ സീനുകളാണ് കൊച്ചിയില്‍ ചിത്രീകരിക്കുന്നത്.
ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് ദൃശ്യം 2. സെപ്റ്റംബര്‍ പതിനാലിന് തൊടുപുഴയില്‍ ചിത്രീകരണം തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സെറ്റ് തയാറാകുന്നതില്‍ താമസം നേരിട്ടതിനെത്തുടര്‍ന്ന് ചിത്രീകരണം നീട്ടുകയായിരുന്നു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചിത്രീകരണം നടക്കുക.പതിനഞ്ച് ദിവസത്തെ ആദ്യ ഷെഡ്യൂളില്‍ ഇന്‍ഡോര്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ഇതിന് ശേഷമാവും ലൊക്കേഷന്‍ തൊടുപുഴയിലേക്ക് മാറ്റുക. കോവിഡ് മൂലം ചിത്രീകരണം നിര്‍ത്തിവെച്ച റാമിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം. 2013ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആയിരുന്നു. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം. മോഹന്‍ലാല്‍, മീന തുടങ്ങിയവര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്. എന്നാല്‍ ഇവരുടെ തുടര്‍ന്നുള്ള ജീവിതം അത്ര സുഖകരമായിരിക്കില്ല. ഒരു കൊലപാതകം ചെയ്ത സംശയത്തിന്റെ നിഴലില്‍ തുടര്‍ന്നുള്ള ജീവിതമത്രയും ജോര്‍ജുകുട്ടിയും കുടുംബവും ജീവിക്കണം. ഈ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ടാണ് ദൃശ്യം 2 ഒരുങ്ങുന്നത്. പറ്റിയാല്‍ ക്രിസ്മസിന് റിലീസ് ചെയ്യാന്‍ സാധിക്കത്തക്ക വിധമാണ് ചിത്രം ഒരുക്കുക. ആശീര്‍വാദ് സിനിമാസ് തന്നെയാണ് നിര്‍മാണം.