കോട്ടയം-നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയ സാക്ഷിയായ നടി ഭാമയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഭാമയുടെ നീക്കം വലിയ ഞെട്ടലാണ് ആക്രമിക്കപ്പെട്ട നടിയ്ക്കും അവര്‍ക്കൊപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും നല്‍കിയത്. നടിയുടെ അടുത്ത സുഹൃത്തായിരുന്ന ഭാമ. 2017 ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം പിന്തുണ പ്രഖ്യാപിച്ച് ഭാമ രംഗത്ത് വന്നിരുന്നു. 'എന്റെ പ്രിയ സുഹൃത്തിനു എല്ലാവിധ പിന്തുണയും. അതോടൊപ്പം ഈ അവസ്ഥ പുറംലോകത്തെ അറിയിച്ച അവളുടെ ധൈര്യത്തെ നിങ്ങള്‍ ഓര്‍ക്കുക..' എല്ലാവരുടെയും നിറഞ്ഞ സ്‌നേഹവും പിന്തുണയും അവരുടെ കൂടെ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു' ഇതായിരുന്നു അന്നത്തെ നിലപാട്. എന്നാല്‍ അതിന് വിരുദ്ധമായാണ് ഭാമ മൊഴിമാറ്റിയത്. കൂറുമാറിയതിന് ശേഷം ഭാമയുടെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുകയും ഭാമ ഇപ്പോഴത് നീക്കം ചെയ്യുകയും ചെയ്തു.
വിമര്‍ശനങ്ങള്‍ക്ക് പുറമെ സൈബര്‍ ആക്രമണം ശക്തമായതോടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് സെക്ഷന്‍ ഭാമ ഡിസേബിള്‍ ചെയ്തു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റുകള്‍ക്ക് താഴെ വന്ന ഏതാനും മോശം കമന്റുകള്‍ നടി നീക്കം ചെയ്യുകയും ചെയ്തു.
അമ്മ സംഘടനയുടെ സ്‌റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ദിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ദിഖിനുമെതിരേ രൂക്ഷവിമര്‍ശനവുമായി രേവതി, റിമ കല്ലിങ്കല്‍, ആഷിക് അബു, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തെത്തി. സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാഗത്ത്‌നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തില്‍ ഇരയാണെന്നാണ് റിമ അഭിപ്രായപ്പെട്ടത്. ഭാമയെ യൂദാസിനോടാണ് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ ഉപമിച്ചത്.