Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ പഠനത്തിന് 2ജി മതി; കശ്മീരിലെ ഇന്റര്‍നെറ്റ് വേഗത കുറച്ചതിനെ ന്യായീകരിച്ച് കേന്ദ്രം

ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാനാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിനും പൊതുജനാരോഗ്യ സേവനങ്ങള്‍ക്കും വെട്ടിക്കുറച്ച ഇന്റര്‍നെറ്റ് വേഗത മതിയാകുമെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. 'ഫിക്‌സഡ് ലൈനുകളില്‍ വേഗത നിയന്ത്രണങ്ങളില്ലാതെ കശ്മീരില്‍ ഇന്റര്‍നെറ്റ് ഇപ്പോള്‍ ലഭ്യമാണ്. 2ജി സ്പീഡിലുള്ള മൊബൈല്‍ ഡേറ്റ സര്‍വീസും ജനുവരി 24 മുതല്‍ ലഭ്യമാണ്. സോഷ്യല്‍ മീഡിയ സൈറ്റുകളുടെ നിയന്ത്രണം മാര്‍ച്ചു മുതല്‍ നീക്കിയിട്ടുണ്ട്,' ആഭ്യന്തര സഹമന്ത്രി ജി കെ റെഡ്ഢി ലോക്‌സഭയില്‍ മറുപടി നല്‍കി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 2ജി വേഗതയിലുള്ള ഇന്റര്‍നെറ്റ് ഒരു തടസ്സമല്ല. ജനങ്ങള്‍ക്കും  ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിവരം കൈമാറാനും ഇതു മതി. ഓണ്‍ലൈന്‍ പഠന ആപ്പുകളും സര്‍ക്കാരിന്റെ വിദ്യാഭ്യാസ, ഇ-പഠന വെബ്‌സൈറ്റുകളും 2ജി ഇന്റര്‍നെറ്റ് കണക്ഷനില്‍ ആക്‌സസ് ചെയ്യാനും ഇ-ബുക്കുകളും മറ്റു പഠന സാമഗ്രികളും ഡൗണ്‍ലോഡ് ചെയ്യാനുമാകും-അദ്ദേഹം പറഞ്ഞു. ഗന്ധര്‍ബല്‍, ഉധംപൂര്‍ ജില്ലകളില്‍ ഹൈസ്പീഡ് 4ജി മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതും ഭീകരരുടെ ദുരുപയോഗം തടയുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ഭൂരിഭാഗം മേഖലകളിലും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് ആയിരക്കണക്കിന് തൊഴില്‍നഷ്ടത്തിനും വന്‍ സാമ്പത്തിക നഷ്ടത്തിനും കാരണമായതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
 

Latest News