നാഗര്‍കോവില്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശം നേരിടുന്ന ജി.എസ്.ടിയെ കുറിച്ച് അസത്യ പ്രസ്താവനകളുണ്ടെന്ന് ആരോപിച്ച് മെര്‍സല്‍ സിനിമക്കെതിരെ ബി.ജെ.പി.
ദീവാലിക്ക് റിലീസ് ചെയ്ത മെര്‍സലില്‍ ജി.എസ്.ടിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിനെ കുറിച്ചും പറയുന്ന ഭാഗങ്ങള്‍ നീക്കണമെന്ന് ബി.ജെ.പി തമിഴ്‌നാട് ഘടകം ആവശ്യപ്പെട്ടു.
എന്നാല്‍ സിനിമക്ക് സെന്‍സര്‍ ബോര്‍ഡാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വിവാദമൊക്കെ അവിടെ തീര്‍ന്നെന്നുമാണ് മെര്‍സലിന്റെ അണിയറ ശില്‍പികള്‍ പറയുന്നത്.
ബി.ജെ.പി തമിഴ്‌നാട് പ്രസിഡന്റ് തമിളിസൈ സൗന്ദരരാജന്‍ ഉന്നയിച്ച ആവശ്യം കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനും ഏറ്റുപിടിച്ചു. ജി.എസ്.ടിയെ കുറിച്ചുള്ള അസത്യങ്ങള്‍ നീക്കാന്‍ നിര്‍മാതാവ് തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദീവാലിക്ക് റിലീസ് ചെയ്ത സനിമ നിറഞ്ഞ തിയേറ്ററുകളിലാണ് ഓടിക്കൊണ്ടിരിക്കുന്നത്. തേനാണ്ടല്‍ സ്റ്റുഡിയോസ് നിര്‍മിച്ച സിനിമ തെലുഗിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. എ.ആര്‍. റഹ്്മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
ഉയര്‍ന്ന ജി.എസ്.ടി നിരക്ക് ഉണ്ടായിട്ടും സര്‍ക്കാരിന് സൗജന്യ ആരോഗ്യ സേവനം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് നടന്‍ വിജയിന്റെ കഥാപാത്രം പറയുന്നതാണ് വിവാദത്തിനടിസ്ഥാനം. കുറഞ്ഞ ജി.എസ്.ടി ഉണ്ടായിട്ടും സിങ്കപ്പൂര്‍ സൗജന്യ ആരോഗ്യ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും പറയുന്നു.
സംഗതികളെ വളച്ചൊടിക്കാന്‍ അനുവദിക്കില്ലെന്നും ജി.എസ്.ടിയെ കുറിച്ചും സിങ്കപ്പൂരിനെ കുറിച്ചും തെറ്റായ വിവരങ്ങളാണ് സിനിമയില്‍ പറഞ്ഞിരിക്കുന്നതെന്നും ബി.ജെ.പി വക്താവ് നാരായണന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പ്രധാനമന്ത്രി മോഡി ജി നടത്തുന്ന ശ്രമങ്ങളെ അവര്‍ അഭിനന്ദിക്കുന്നില്ല-തിമിളിസൈ സൗന്ദരരാജന്‍ പറഞ്ഞു.