ചെന്നൈ-വിവാഹ മോചനവുമായി ബന്ധപ്പെട്ട് നടി കാവേരിയുടെ മുന്‍ ഭര്‍ത്താവും സംവിധായകനുമായ സൂര്യ കിരണിന്റെ വെളിപ്പെടുത്തലുകള്‍ വാര്‍ത്തയാകുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേര്‍പിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്‌നേഹിക്കുന്നുണ്ടെന്നും സൂര്യ കിരണ്‍ ഒരു അഭിമുഖത്തില്‍ വികാരാധീനനായി വെളിപ്പെടുത്തി. 'അതെ, അവള്‍ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാന്‍ ഇപ്പോഴും അവളെ സ്‌നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നാണ് അവള്‍ കാരണമായി പറഞ്ഞത്.'സൂര്യ കിരണ്‍ പറഞ്ഞു.
തമിഴിലും തെലുങ്കിലും തിളങ്ങി നിന്ന സമയത്തായിരുന്നു കാവേരിയുടെ വിവാഹം. 2010ലായിരുന്നു സൂര്യ കിരണും കാവേരിയും വിവാഹിതരാവുന്നത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഔദ്യോഗികമായി അക്കാര്യം ഇവര്‍ അംഗീകരിച്ചില്ല.
തെലുങ്കിലെ ബിഗ്‌ബോസിലെ നാലാം പതിപ്പില്‍ സൂര്യ കിരണ്‍ മത്സരാര്‍ത്ഥിയായിരുന്നു. ആദ്യവാരത്തില്‍ തന്നെ എലിമിനേറ്റാവുകയായിരുന്നു സൂര്യ കിരണ്‍. ബിഗ് ബോസിന് ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് സംവിധായകന്‍ വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. വര്‍ഷങ്ങളായി തങ്ങള്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും, കാവേരിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.