ന്യൂദല്‍ഹി-മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു എന്ത് വിഷയത്തിലായാലും തന്റെ നിലപാടുകള്‍ വെട്ടിത്തുറന്ന് പറയാറുണ്ട്. പല പ്രസ്താവനകളും വിമര്‍ശനങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന ഇപ്പോള്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴി വച്ചിരിക്കുകയാണ്.
ഫേസ്ബുക്കില്‍ തന്റെ ഒരു പോസ്റ്റിന് കമന്റ് നല്കിയ പെണ്‍കുട്ടിക്ക് കട്ജു നല്കിയ മറുപടിയാണ് അദ്ദേഹത്തെ വിമര്‍ശനങ്ങള്‍ക്ക് നടുവിലാക്കിയത്. രാത്രിയാണ് പെണ്‍കുട്ടി പോസ്റ്റില്‍ കമന്റിട്ടത്. ഇതിന് താഴെ ഉറങ്ങാറായില്ലേ? എന്ന ചോദ്യമാണ് കട്ജു ചോദിച്ചത്. ഇതിനൊപ്പം തന്നെ അടുത്ത കമന്റില്‍ ' ഞാന്‍ കരുതിയത് നല്ല പെണ്കുട്ടികളൊക്കെ നേരത്തെ ഉറങ്ങും എന്നാണ്' എന്നും അദ്ദേഹം കുറിച്ചു. ഈ പ്രസ്താവനയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. ആണ്‍പെണ്‍ ഭേദമന്യേ നിരവധി ആളുകളാണ് മുന്‍ ജഡ്ജിയുടെ ലിംഗവിവേചന മനോഭാവത്തെ ചോദ്യം ചെയ്തെത്തിയത്. രൂക്ഷമായ പ്രതികരണങ്ങളാണ് കട്ജുവിനെതിരെ ഉയരുന്നത്. സ്ത്രീകളോട് അസഹിഷ്ണുതാപരമായ നിലപാടാണ് വച്ചു പുലര്‍ത്തുന്നതെന്നും ഇത്തരം വിഡ്ഡിത്തരങ്ങള്‍ തമാശയായി എടുക്കുന്നത് ഇനിയെങ്കിലും നിര്‍ത്തണമെന്ന് ഒരാള്‍ പ്രതികരിക്കുന്നു. വൈക്യത മനോഭാവം എന്ന തരത്തിലും ചിലര്‍ പ്രതികരിക്കുന്നുണ്ട്. സ്ത്രീകളെ അസ്വസ്ഥതപ്പെടുത്തുന്ന തരത്തില്‍ ഇതിനു മുമ്പും അദ്ദേഹം പ്രതികരിച്ചിട്ടുണ്ടെന്ന് പറഞ്ഞ ചിലര്‍ പല അദ്ദേഹത്തിന്റെ പല മുന്‍കാല കമന്റുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ നടത്തി ഇദ്ദേഹം വിവാദത്തിലാകുന്നത്. 2015 ല്‍ ബിജെപി എംപി ഷാസിയ ഇല്‍മിയെയും കിരണ്‍ ബേദിയെയും താരതമ്യം ചെയ്ത് ആരാണ് കൂടുതല്‍ സുന്ദരി എന്ന തരത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു