Sorry, you need to enable JavaScript to visit this website.

ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ഥികള്‍ സൂചിയുടെ പേര് ഒഴിവാക്കി

ലണ്ടന്‍- റോഹിംഗ്യ മുസ്്‌ലിംകള്‍ക്കെതിരെ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കാന്‍ പോലും വിസമ്മതിക്കുന്ന മ്യാന്മര്‍ നേതാവ് ഓംഗ് സാന്‍ സൂചിയുടെ പേര് പ്രശസ്ത ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റി കോളേജില്‍നിന്ന് നീക്കം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ വോട്ട് ചെയ്തു. കോളേജിലെ ജൂനിയര്‍ കോമണ്‍ റൂമിന്റെ പേരു മാറ്റാനാണ് സെന്റ് ഹഫ്‌സ് കോളേജ് വിദ്യാര്‍ഥികള്‍ തീരുമാനിച്ചത്. നോബല്‍ സമ്മാന ജേതാവ് സൂചിയുടെ ഛായാചിത്രം നേരത്തെ കോളേജ് അധികൃതര്‍ നീക്കിയിരുന്നു.
മ്യാന്മറിലെ റാഖൈനില്‍ കൂട്ടക്കൊലകളും കൂട്ടബലാത്സംഗങ്ങളും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും നടന്നിട്ടും അതിനെ അപലപിക്കാന്‍ പോലും മ്യാന്മര്‍ നേതാവ് സൂചിക്ക് സാധിച്ചില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. സൂചിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന കോമണ്‍ റൂം ഇനി ആ പേരില്‍ അറിയപ്പെടില്ല.
ഒരു കാലത്ത് സൂചി ആവേശത്തോടെ വാദിച്ചിരുന്ന മൂല്യങ്ങള്‍ക്കെതിരെയാണ് അവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോളേജ് പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു. സ്വന്തം രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സൂചിയുടെ മൗനത്തെ അപലപിക്കേണ്ടതുണ്ട്-പ്രമേയം വ്യക്തമാക്കി.
സൂചി 1967 ല്‍ ബിരുദം നേടിയ സെന്റ് ഹഫ്‌സ് കോളേജ് 2012 ല്‍ അവര്‍ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. താന്‍ പഠിച്ച കോളേജിലെ ബിരുദ വിദ്യാര്‍ഥികള്‍ പാസാക്കിയ ജൂനിയര്‍ കോമണ്‍ റൂം (ജെ.സി.ആര്‍) അന്താരാഷ്ട്രതലത്തില്‍ സൂചിക്കെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലക്ഷക്കണക്കിന് റോഹിംഗ്യ മുസ്്‌ലിംകളെ ഭവനരഹിതരാക്കുകയും ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്ത പ്രതിസന്ധി ഉടലെടുത്ത ശേഷം ബ്രിട്ടനിലെ നിരവധി സ്ഥാപനങ്ങള്‍ സൂചിക്ക് നല്‍കിയ ബഹുമതികള്‍ പിന്‍വലിച്ചിട്ടുണ്ട്.
സെന്റ് ഹഫ്‌സ് കോളേജില്‍ തന്നെ പ്രവേശന കവാടത്തില്‍ പ്രാധാന്യത്തോടെ തൂക്കിയിരുന്ന സൂചിയുടെ ഛായാചിത്രം കഴിഞ്ഞ മാസമാണ് എടുത്തു മാറ്റിയത്. ചിത്രം മാറ്റിയതിനെ റോഹിംഗ്യ പ്രതിസന്ധിയുമായി കോളേജ് അധികൃതര്‍ ബന്ധപ്പെടുത്തിയില്ലെങ്കിലും മറ്റു കാരണങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ജനാധിപത്യത്തിനുവേണ്ടി നടത്തിയ ദീര്‍ഘ പോരാട്ടത്തെ മാനിച്ചുകൊണ്ട് സൂചിക്ക് 1997 ല്‍ സമ്മാനിച്ച ഫ്രീഡം ഓഫ് ഓക്‌സ്‌ഫോര്‍ഡ് ബഹുമതി കഴിഞ്ഞ മാസം ഓക്‌സ്‌ഫോര്‍ഡ് സിറ്റി കൗണ്‍സില്‍ ഐകകണ്‌ഠ്യേന പിന്‍വലിച്ചിരുന്നു. ബഹുമതിക്ക് ഇനി അവര്‍ അര്‍ഹയല്ലെന്നാണ് കൗണ്‍സില്‍ പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞിരുന്നത്. ബഹുമതി ഔദ്യോഗികമായി പിന്‍വലിക്കുന്നതിന് അടുത്ത മാസം 27ന് സിറ്റി കൗണ്‍സില്‍ പ്രത്യേക സമ്മേളനം ചേരുന്നുമുണ്ട്. സൂചിക്ക് നല്‍കിയ പദവി പിന്‍വലിക്കുന്നതിന് സിറ്റി ഓഫ് ലണ്ടന്‍ കോര്‍പറേഷനിലും ചര്‍ച്ച നടക്കുകയാണ്. ബംഗ്ലാദേശി വംശജനായ അംഗം മന്‍സൂര്‍ അലിയാണ് ഇതുസംബന്ധിച്ച ആവശ്യം മുന്നോട്ടുവെച്ചത്.  
മ്യാന്മര്‍ പട്ടാളത്തിന്റെ കടുംകൈകള്‍ തടയാന്‍ സൂചി ശ്രമിക്കുന്നില്ല എന്നതാണ് അവര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം പടരാന്‍ കാരണം.

 

Latest News