എട്ടു മാസത്തിനിടെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് 3000ലേറെ തവണ

ശ്രീനഗര്‍- ജമ്മുവിലെ അതിര്‍ത്തി നിയന്ത്രണ രേഖാ മേഖലയില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ പാക്കിസ്ഥാന്‍ 3,186 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായി സര്‍ക്കാര്‍. 2003ല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നശേഷം 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയധികം തവണ ഇതു ലംഘിക്കപ്പെടുന്നത്. 242 തവണ അതിത്തിക്കിരുപുറവും തമ്മിലുള്ള വെടിവെയ്പ്പും നടന്നതായി പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് രാജ്യസഭയില്‍ അറിയിച്ചു. ഇതിനെല്ലാം ഇന്ത്യന്‍ സേന തക്കതായ മറുപടി നല്‍കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് ഔദ്യോഗിക മാര്‍ഗങ്ങളിലൂടെ പാക്കിസ്ഥാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ജനുവരി ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കണക്കുകളാണിത്. ഈ വര്‍ഷം എട്ടു സൈനികരാണ് അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ സാധാരണക്കാരും കൊല്ലപ്പെട്ടു. വീടുകളും കെട്ടിടങ്ങളും തകര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച പാക്കിസ്ഥാനില്‍ നിന്നുള്ള വെടിയേറ്റ് ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.  അതേസമയം കോവിഡ് മഹാമാരി കാരണം ഈ വര്‍ഷം വെടിവെപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
 

Latest News