മുസഫര്‍നഗര്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനം തൊഴിലില്ലായ്മാ ദിനമായി ആചരിക്കുകയും പ്രതിഷേധ സൂചകമായി കോലം കത്തിക്കുകയും ചെയ്തവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കലാപക്കുറ്റമാരോപിച്ച് കേസെടുത്തു. അറിയപ്പെടാത്ത ഒരു സംഘടനയുടെ ദേശീയ പ്രസിഡന്റ് അടക്കം 15 പേര്‍ക്കെതിരെയാണ് യുപിയിലെ ഷംലി ജില്ലയില്‍ പോലീസ് കേസെടുത്തത്. ഷംസി ജില്ലാ ബിജെപി പ്രസിഡന്റ് സതേന്ദ്ര തോമറിന്റെ പരാതിയില്‍ പേരറിയാത്ത 11 പേര്‍ക്കും പേരുവിവരം ലഭ്യമായ നാലു പേര്‍ക്കുമെതിരെയാണ് കേസ്. ഭാരതീയ സമാജ് രക്ഷക് യുവ മോര്‍ച ദേശീയ പ്രസിഡന്റ് പ്രിന്‍സ് കോറിയും ഇവരിലുള്‍പ്പെടും. കലാപ വകുപ്പായ ഐപിസി സെക്ഷന്‍ 147 ആണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ 17നാണ് മോഡിയുടെ ജന്മദിനത്തില് ഇവര്‍ തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ച് തൊഴിലില്ലായ്മാ ദിനം ആചരിച്ചത്. ദര്ഗാപൂരില് ഇവര്‍ സംഘടിപ്പിച്ച പ്രതിഷേധത്തിന്റേയും മോഡിയുടെ കോലം കത്തിക്കുന്നതിന്റേയും വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.